ADVERTISEMENT

തിരുവനന്തപുരം∙ നേട്ടങ്ങളുടെ പട്ടിക സർക്കാർ നിരത്തുമ്പോൾ മറുവശത്ത് റോഡ് ക്യാമറ പദ്ധതി അടക്കമുള്ള വിവാദങ്ങളുടെ നിഴലുകൾ; രണ്ടാം പിണറായി സർക്കാർ രണ്ടാം വർഷം പൂർത്തിയാക്കുന്നതിങ്ങനെ. ചില മന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ പാർട്ടിക്കുള്ളിൽതന്നെ വിമർശനം ഉയരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിലുള്ള ഒരേയൊരു സീറ്റെന്ന നില മെച്ചപ്പെടുത്തണം.

നികുതി വർധനവിനെതിരെയും കെട്ടിട നിർമാണ നികുതി വർധനയ്ക്കെതിരെയും ശക്തമായ പ്രതിഷേധമുണ്ടെങ്കിലും സർക്കാർ പിന്നോട്ടില്ല. കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ സിൽവർലൈൻ പദ്ധതി എങ്ങുമെത്താതെ നിൽക്കുന്നു. സർക്കാരും ഗവർണറുമായുള്ള തർക്കങ്ങൾ ഒരുവേള ശാന്തമായി. മുന്നണിയിലും കാര്യമായ തർക്കങ്ങളില്ല. രാജ്യത്തെ ആദ്യത്തെ ജലമെട്രോ യാഥാർഥ്യമാക്കിയതിനെ പ്രധാനമന്ത്രി പ്രശംസിച്ചത് വികസന മികവിന്റെ അടയാളമായി സർക്കാർ ഉയർത്തി കാട്ടുന്നു. വിഴിഞ്ഞത്ത് ഈ വർഷം ആദ്യ കപ്പൽ അടുപ്പിക്കാനുള്ള തയാറെടുപ്പിലാണ് സർക്കാർ.

രണ്ടാം വർഷം വിപുലമായി ആഘോഷിക്കാനുള്ള സർക്കാർ നീക്കത്തിൽ കരിനിഴൽ വീഴ്ത്തിയത് റോഡ് ക്യാമറ വിവാദമാണ്. ഉയർന്ന പദ്ധതി ചെലവും ഉപകരാർ നൽകിയതിലെ അഴിമതിയും പ്രതിപക്ഷം ഉയർത്തിക്കാട്ടിയതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പ്രതിപക്ഷ വിമർശനങ്ങളോട് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്ത മാസം റോഡ് ക്യാമറകളിൽനിന്ന് പിഴ ഈടാക്കാനാണ് സർക്കാർ ആലോചന. സംസ്ഥാന ബജറ്റിലെ നികുതി വർധന ഏറെ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും നികുതി നിർദേശങ്ങളൊന്നും സർക്കാർ പിൻവലിച്ചില്ല. അടഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി മാത്രമാണ് പിൻവലിച്ചത്. ഇന്ധനത്തിന് സെസ് ഇനത്തിൽ രണ്ടുരൂപ കൂട്ടിയത് ക്ഷേമപ്രവർത്തനങ്ങൾക്കാണെന്ന് സർക്കാർ വിശദീകരിച്ചു.

സിൽവർലൈൻ പദ്ധതിയിലെ പൊലീസ് നടപടികൾ രൂക്ഷ വിമർശനത്തിന് കാരണമായി. പദ്ധതിക്കെതിരെ പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് വലിച്ചിഴച്ചത് പ്രതിഷേധത്തിന് വഴിയൊരുക്കി. സിൽവർലൈൻ പദ്ധതിക്കായി മഞ്ഞ കല്ലുകൾ സ്ഥാപിച്ചതാണ് പ്രതിഷേധത്തിന്റെ ശക്തി വർധിപ്പിച്ചത്. കേന്ദ്രം അനുമതി നൽകാത്തതോടെ പദ്ധതി കോൾഡ് സ്റ്റോറേജിലായി. പദ്ധതി നടത്തിപ്പുകാരായ കെ റെയിൽ കോർപറേഷൻ ഇപ്പോൾ സർക്കാരിന്റെ മറ്റു നിർമാണ പദ്ധതികൾ ഏറ്റെടുത്തു നടത്തുന്നു.

ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. ബിൽ ഗവർണർ ഒപ്പിടാത്തതിനാൽ നിയമമായില്ല. പഴയ നിയമം പ്രാബല്യത്തിൽ ഇരിക്കുന്നതിനാൽ മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത പരിഗണിക്കുന്ന ദുരിതാശ്വാസനിധിക്കേസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി. കേസ് മൂന്നംഗ ബഞ്ചിനു വിട്ടതോടെ തൽക്കാലിക ആശ്വാസമായി. 

സർവകലാശാലകളിൽ ഗവർണറുടെ അധികാരം നിയന്ത്രിക്കുന്ന ബില്ലുകൾ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിടാത്തതിനാൽ നിയമായിട്ടില്ല. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷും കേസിൽ അകപ്പെട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും പുസ്തങ്ങളിലൂടെ വിവാദങ്ങൾ തുറന്നു വിട്ടത് ചർച്ചയായി. വിമാനത്തിനകത്തെ യൂത്ത് കോൺഗ്രസ് പ്രതിഷേധവും മുഖ്യമന്ത്രിക്കെതിരെ വഴിതടയൽ സമരവും എകെജി സെന്ററിനു നേരെയുണ്ടായ പടക്കമേറും രാഷ്ട്രീയ വിവാദങ്ങളായി. പാർട്ടിക്കാർക്ക് ജോലി കൊടുക്കാൻ മേയർ എഴുതിയെന്ന പേരിൽ കത്തു പ്രചരിച്ചത് പ്രതിപക്ഷം ഏറ്റെടുത്തു. വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പാർട്ടി അന്വേഷണവും പ്രഖ്യാപിച്ചതോടെ വിഷയം തണുത്ത സ്ഥിതിയാണ്.

ഭരണഘടനയ്ക്കെതിരെ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവച്ചെങ്കിലും ഒരിടവേളയ്ക്കുശേഷം തിരിച്ചുവന്നു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിനുശേഷം എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ സർക്കാരിൽ പാർട്ടിയുടെ നിയന്ത്രണം കൂടുതൽ ശക്തമായെന്ന പ്രതീതിയുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ വർധിപ്പിക്കുകയെന്ന വെല്ലുവിളി മുന്നിൽ നിൽക്കുന്നു. ലൈഫ് പദ്ധതിയിൽ ഇതുവരെ 3,22,922 വീടുകൾ നിർമിക്കാനായത് നേട്ടമായി.

60 ലക്ഷത്തോളംപേർക്ക് 1,600രൂപ ക്ഷേമ പെൻഷൻ നൽകുന്ന സംസ്ഥാനമെന്ന ഖ്യാതിയുമുണ്ട്. സർക്കാർ ജീവനക്കാർക്ക് മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കി. 7 വർഷത്തിനിടെ 80,000 കോടി രൂപയുടെ വികസന പദ്ധതികൾ കിഫ്ബി ഏറ്റെടുത്തു. 8,300 കോടിയുടെ നിക്ഷേപം സംസ്ഥാനത്തേക്ക് ആകർഷിക്കാനായതായി സർക്കാർ പറയുന്നു. തീരദേശ ഹൈവേയുടേയും മലയോര ഹൈവേയുടേയും തലസ്ഥാന നഗരിയിലെ ഔട്ടർ റിങ് റോഡിന്റെയും പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 5,409 സബ് സെന്ററുകളെ ജനകീയ ആരോഗ്യകേന്ദ്രങ്ങളാക്കി. 

English Summary: Pinarayi Vijayan Government completes two year in Second Term

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com