ADVERTISEMENT

ഡെറാഡൂൺ ∙ വിശ്വഹിന്ദു പരിഷത് (വിഎച്ച്പി), ഭൈരവ് സേന, ബജ്റങ്ദൾ തുടങ്ങിയ ഹിന്ദു സംഘടനകളിൽനിന്നടക്കം എതിർപ്പ് ശക്തമായതോടെ, മുസ്‍ലിം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്നുവച്ച് ബിജെപി നേതാവ്. ഉത്തരാഖണ്ഡിലെ പൗരി മുനിസിപ്പൽ ചെയർമാൻ കൂടിയായ ബിജെപി നേതാവ് യശ്പാൽ ബെനാമാണ്, മതപരമായ എതിർപ്പിനെ തുടർന്ന് മകളുടെ വിവാഹം വേണ്ടെന്നുവച്ചത്.

ഈ മാസം 28ന് വിവാഹം നടത്താനായിരുന്നു തീരുമാനം. കുടുംബകാര്യമാണെന്ന് പറഞ്ഞ് ആദ്യം പ്രതിരോധിച്ച നേതാവ്, എതിർപ്പ് ശക്തമായതോടെയാണ് മകളുടെ വിവാഹം വേണ്ടെന്നുവച്ചത്. മുസ്‍ലിം യുവാവുമായുള്ള ബിജെപി നേതാവിന്റെ മകളുടെ വിവാഹത്തിന്റെ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മകളെ മുസ്‍ലിം യുവാവിനു വിവാഹം കഴിച്ചു നൽകാനുള്ള മുൻ എംഎൽഎ കൂടിയായ യശ്പാലിന്റെ നീക്കം, അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണ് തെളിയിക്കുന്നതെന്നായിരുന്നു ഹിന്ദു സംഘടനകൾ ഉയർത്തിയ വിമർശനം.

ഇതിനിടെ ‘ലവ് ജിഹാദ്’ ആരോപണം ഉയർത്തിയും ഒരു വിഭാഗം രംഗത്തെത്തി. അടുത്തിടെ പുറത്തിറങ്ങി വൻ വിവാദമായ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമയുമായും താരതമ്യങ്ങൾ വ്യാപകമായതോടെയാണ്, യശ്പാൽ വിവാഹക്കാര്യത്തിൽ പുനർവിചിന്തനം നടത്തിയത്. മകളുടെ സന്തോഷം മാത്രം പരിഗണിച്ചാണ് ഈ വിവാഹത്തിനു സമ്മതം മൂളിയതെന്ന് യശ്പാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ‌പൊതുജനത്തിന്റെ അഭിപ്രായം കൂടി മാനിച്ചേ തീരൂ. അതിനാൽ മേയ് 28ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം റദ്ദാക്കിയെന്നും യശ്പാൽ പറഞ്ഞു.

യശ്പാലിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഹിന്ദു വിഭാഗങ്ങളിൽനിന്ന് ഉയർന്നത്. വിവാഹത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച ഹിന്ദു സംഘടനകൾ, യശ്പാലിന്റെ കോലവും കത്തിച്ചു. സമൂഹമാധ്യമങ്ങളിലും യശ്പാലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.

‘‘ദ് കേരള സ്റ്റോറി പോലെയുള്ള സിനിമകൾക്ക് നികുതിയിളവു വരെ നൽകിയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രോത്സാഹനം നൽകുന്നത്. ഇതിനിടെയാണ് ബിജെപി നേതാവ് തന്റെ മകളെ മുസ്‍ലിം യുവാവിനു വിവാഹം ചെയ്തു നൽകുന്നത്. ഇത് ആ നേതാവിന്റെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നത്. ഈ നീക്കം ബിജെപി പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്ന് തീർച്ച’ – ഒരാൾ ഫെയ്സ്ബുക്കിൽ കുറിച്ചു. 

English Summary: Uttarakhand BJP leader puts off daughter’s marriage to Muslim man after facing netizens' fury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com