ADVERTISEMENT

ആലുവ ∙ അനാഥ ബാല്യങ്ങള്‍ക്ക് കരുതലിന്റെയും സുരക്ഷയുടെയും തണലൊരുക്കാന്‍ അമ്മമാരെ തേടുകയാണ് ആലുവ എടത്തലയിലെ എസ്ഒഎസ് ഗ്രാമം. 30 വര്‍ഷം മുന്‍പ് ആലുവയില്‍ പ്രവര്‍ത്തനം തുടങ്ങിയ സന്നദ്ധ സംഘടനയുടെ നിയന്ത്രണത്തിലുള്ള എസ്ഒഎസ് ഗ്രാമത്തില്‍ 130 കുട്ടികളാണുള്ളത്. മുതിര്‍ന്ന കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നവരുടെ എണ്ണത്തില്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷമുണ്ടായ കുറവും ഇവർക്കു വെല്ലുവിളിയാകുന്നു. 

പലവിധ സാഹചര്യങ്ങളാല്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ ഈ ഗ്രാമത്തിലെത്തിയാല്‍ പിന്നെ അനാഥരല്ല. അമ്മത്തണലില്‍ കുടുംബാന്തരീക്ഷത്തിലാണ് ഇവര്‍ വളരുക. എസ്ഒഎസില്‍ വളര്‍ന്ന നൂറുകണക്കിന് കുട്ടികളാണ് ഉന്നത വിദ്യാഭ്യാസവും ജോലിയും നേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്നത്. 15 വീടുകളിലായി കഴിയുന്നത് 18 വയസ്സ് വരെയുള്ള 130 കുട്ടികള്‍. 18നും 23നും ഇടയില്‍ പ്രായമുള്ള 141 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉന്നത വിദ്യാഭ്യാസവും നേടുന്നു.

25 മുതല്‍ 44 വരെ പ്രായമുള്ള അവിവാഹിതരോ വിധവകളോ വിവാഹബന്ധം വേര്‍പെടുത്തിയതോ ആയ സ്ത്രീകളെയാണ് എസ്ഒഎസില്‍ അമ്മമാരായി നിയമിക്കുക. 60 വയസ്സ് കഴിഞ്ഞാല്‍ ഇവിടെയുള്ള റിട്ടയര്‍മെന്റ് ഹോമുകളില്‍ തന്നെ അവര്‍ക്ക് കഴിയാം. എന്നാല്‍ പുതിയ അമ്മമാരെ കിട്ടാത്തത് പ്രതിസന്ധിയാണ്.

ഉന്നത വിദ്യാഭ്യാസം തേടുന്ന കുട്ടികളുടെ പഠനചെലവ് കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടും കോവിഡിന് ശേഷം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളിയാണ്. നല്ല ജീവിതത്തിലേക്ക് ചുവടുവയ്ക്കാന്‍ തയാറെടുത്ത് നിരവധി കുരുന്നുകളാണ് എസ്ഒഎസിന്റെ സ്നേഹത്തണലില്‍ ഉള്ളത്. നന്മ വറ്റാത്തവരുടെ കാരുണ്യം കൂടി വേണം ഇവര്‍ക്കിനി ജീവിതവിജയം കൈവരിക്കാന്‍. 

English Summary: seeking mothers for sos village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com