ലണ്ടൻ∙ അമിതവേഗതയ്‌ക്കുള്ള പിഴയിൽ കൃത്രിമത്വം കാണിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതിന് കുരുക്കിലായി യുകെ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവർമാൻ. അമിതവേഗതയ്ക്കുള്ള പിഴ ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥരോട്, സുവെല്ല ആവശ്യപ്പെട്ടതായി ‘ദ് സൺഡേ ടൈംസ്’ റിപ്പോർട്ട് ചെയ്തു. അധികാരം ദുരുപയോഗിച്ച സുവെല്ലയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.
അറ്റോർണി ജനറലായിരിക്കെ കഴിഞ്ഞ വർഷമാണ് സുവെല്ലാ ബ്രാവര്‍മാൻ ലണ്ടനു പുറത്ത് അമിതവേഗതയിൽ സഞ്ചരിച്ചത്. ഇതിൽ ഉദ്യോഗസ്ഥരോട് പിഴയും ഡ്രൈവിങ് ലൈസൻസിന് പിഴ പോയിന്റ് ചുമത്തുന്നതും ഒഴിവാക്കണമെന്നും ഒറ്റയ്ക്ക് ഡ്രൈവിങ് ബോധവൽകരണം നൽകണമെന്നുമാണ് സുവെല്ലാ ആവശ്യപ്പെട്ടത്.
യുകെയിൽ അമിതവേഗതയിൽ സഞ്ചരിക്കുന്നവർക്ക് പിഴയും ലൈസൻസിന് പിഴ പോയിന്റ് ചുമത്തുന്നതും നേരിട്ടോ, ഓൺലൈനിലോ ഉള്ള ഡ്രൈവിങ് ബോധവൽകരണ ക്ലാസിൽ പങ്കെടുക്കുന്നതുമാണ് രീതി. ഇതിൽ ക്രമക്കേടിനാണ് ശ്രമിച്ചത്. ഉദ്യോഗസ്ഥർ വഴങ്ങാതായതോടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ബോധവൽകരണ ക്ലാസിൽ പകരക്കാരനെ ഉപയോഗിക്കാനും ബോധവൽകരണത്തിൽ ക്യാമറ ഒഴിവാക്കാനും ശ്രമിച്ചു. ഇതു നടക്കാതായതോടെ പിഴയ്ക്കും പോയിന്റുകൾക്കും തയാറാകുകയായിരുന്നെന്നാണ് റിപ്പോർട്ട്.
നിയമം പാലിക്കേണ്ട ഹോം സെക്രട്ടറി ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ച് സ്ഥാനത്തെ അവഹേളിച്ചെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. വിഷയത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അമിതവേഗതയിൽ പോയ കുറ്റം സുവെല്ല അംഗീകരിച്ചതായായിരുന്നു ഔദ്യോഗികവൃത്തങ്ങളുടെ പ്രതികരണം. ഇതിൽ പിഴ അടച്ചതായും മൂന്നു പോയിന്റ് പിഴ ചുമത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ വിഷയം സംബന്ധിച്ച് ജപ്പാനിൽ ജി7 ഉച്ചകോടിക്കിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനോടും മാധ്യമങ്ങളുടെ ചോദ്യങ്ങളുയർന്നു. ഇക്കാര്യത്തില്‍ തനിക്ക് വ്യക്തതയില്ലെന്നും സുവെല്ലയോട് സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ഋഷി സുനകിന്റെ പ്രതികരണം. കുറ്റം സമ്മതിച്ച് പിഴ അടച്ചതായാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
English Summary: UK Home Secretary Suella Braverman asked officials to help her dodge speeding fine