ADVERTISEMENT

ഹൈദരാബാദ് ∙ വൈഎസ്ആ‌ർടിപി നേതാവ് വൈ.എസ് ശർമിളയെ പാളയത്തിലെത്തിക്കാൻ കോൺഗ്രസ് നീക്കം. ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്) നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിനെ ഭരണത്തിൽ നിന്നും പുറത്താക്കാൻ ആരുമായും ചർച്ചയ്ക്കു തയാറാണെന്ന് ശർമിള പറഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസ് പുതിയ കരുനീക്കവുമായി രംഗത്ത് വന്നത്. ശർമിളയെ ഒപ്പം കൂട്ടുന്നതിലൂടെ ആന്ധ്രപ്രദേശ് പിടിക്കുന്നതിനും കോൺഗ്രസ് ലക്ഷ്യമിടുന്നു.

കോൺഗ്രസ് ഹൈക്കമാൻഡാണ് ശർമിളയെ പാളയത്തിലെത്തിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ നീക്കം നടത്തുന്നത്. ഇതിന് ചുക്കാൻ പിടിക്കുന്നത് പ്രിയങ്ക ഗാന്ധിയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യഘട്ടത്തിൽ വൈഎസ്ആർടിപിയെ  കോൺഗ്രസിൽ ലയിപ്പിക്കുന്നതിനാണ് നീക്കം നടത്തിയത്. ഇതിനു ശർമിള വഴങ്ങിയില്ലെന്നാണ് റിപ്പോർട്ടുകൾ.

‘‘വൈഎസ്ആർടിപി കോൺഗ്രസിൽ ലയിക്കില്ല. ശർമിളയ്ക്ക് വലിയ തോതിലുള്ള ജനപിന്തുണയുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡ് പലരീതിയിലുള്ള നിർദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. അത് എന്താണെന്ന് വെളിപ്പെടുത്താനാകില്ല. കോൺഗ്രസുമായുള്ള ചർച്ച പ്രാരംഭഘട്ടത്തിൽ മാത്രമാണ്.’’ – വൈഎസ്ആർടിപിയിലെ ഒരു മുതിർന്ന നേതാവ് വ്യക്തമാക്കി.

കർണാടക തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെയാണ് പുതിയ നീക്കവുമായി കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. രാജ്യസഭാ സീറ്റ് ഉൾപ്പെടെ ഇതിനായി കോൺഗ്രസ് ശർമിളയ്ക്ക് വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. ആന്ധ്രയിൽ നേതൃപരമായ പ്രതിസന്ധി കോൺഗ്രസ് നേരിടുന്നുണ്ട്. ഇതിനെ മറികടക്കാനാണു പുതിയ നീക്കം.

സഹകരിക്കാവുന്ന പാർട്ടികളുമായി ചേർന്നു വോട്ടുകൾ ഭിന്നിക്കുന്നതു തടഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുന്നതിനു സാധിക്കുമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ. തെലങ്കാന പിടിക്കുന്നതിനാണ് ശർമിളയ്ക്ക് താത്പര്യം. അതേസമയം, ശർമിളയിലൂടെ കോൺഗ്രസ് പ്രധാനമായും ലക്ഷ്യമിടുന്നത് ആന്ധ്രാപ്രദേശാണ്.

English Summary: Congress Woos YS Sharmila for Alliance Ahead of Telangana Polls.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com