ADVERTISEMENT

സിഡ്നി∙ ഓസ്ട്രേലിയ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ബോസ്’ എന്നു വിശേഷിപ്പിച്ച് ഓസീസ് പ്രധാനമന്ത്രി ആന്തണി ആൽബനീസ്. സിഡ്നിയിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി നടത്തിയ സംവാദത്തിനു മുന്നോടിയായാണ്, അദ്ദേഹത്തിന്റെ ജനപ്രീതിയെ പുകഴ്ത്തി ആൽബനീസ് ‘ബോസ്’ എന്നു വിശേഷിപ്പിച്ചത്. ആരാധകർ ഇതേ പേരിൽ വിശേഷിപ്പിക്കുന്ന വിഖ്യാത പോപ് ഗായകൻ ബ്രൂസ് സ്പ്രിങ്സ്റ്റീനുമായി താരതമ്യം ചെയ്തായിരുന്നു ഓസീസ് പ്രധാനമന്ത്രിയുടെ വിശേഷണം.

‘‘ഇതിനു മുൻപ് ഈ വേദിയിൽ ഞാൻ കണ്ടത് പ്രശസ്ത പോപ് താരം ബ്രൂസ് സ്പ്രിങ്സ്റ്റീനെയാണ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ചതു പോലുള്ള ഒരു  സ്വീകരണം അന്ന് സ്പ്രിങ്സ്റ്റീനു ലഭിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യഥാർഥ ബോസ്’ – ആന്തണി ആൽബനീസ് പറഞ്ഞു. മോദിയുമായുള്ള സംവാദത്തിൽ പങ്കെടുക്കാൻ എത്തിയവർ ഹർഷാരവത്തോടും കയ്യടിയോടെയുമാണ് ആൽബനീസിന്റെ വാക്കുകൾ സ്വീകരിച്ചത്.

‘‘ഒരു വർഷം മുൻപ് ഞാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം താങ്കളുമായുള്ള ആറാമത്തെ കൂടിക്കാഴ്ചയാണിത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലോകത്തുതന്നെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയിലേക്കുള്ള വളർച്ചയിലാണ് ഇന്ത്യ. ഇപ്പോൾത്തന്നെ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ മഹാസമുദ്രത്തിലെ വളരെ പ്രധാനപ്പെട്ട അയൽക്കാർ കൂടിയാണ് ഇന്ത്യ. അതുകൊണ്ടാണ് ഈ ബന്ധത്തെ നാം വളരെയധികം വിലമതിക്കുന്നത്’ – ആൽബനീസ് പറഞ്ഞു.

ഇന്ത്യൻ വംശജയരുടെ മഹത്തായ സംഭാവനകൾ കൊണ്ടു കൂടിയാണ് ഓസ്ട്രേലിയ ഇത്രയും മനോഹരമായ സ്ഥലമായി മാറിയതെന്നും ആൽബനീസ് പറഞ്ഞു.

‘‘ഓസ്ട്രേലിയയെ സംബന്ധിച്ച് പ്രാധാന്യമുള്ളൊരു പങ്കാളിയാണ് ഇന്ത്യ. നമ്മൾ തമ്മിൽ വളരെ അടുത്ത സൗഹൃദമാണുള്ളത്. അതേസമയം, ക്രിക്കറ്റ് കളത്തിൽ നമ്മൾ ശത്രുക്കളുമാണ്. ഉടൻ തന്നെ നമ്മൾ തമ്മിൽ കിരീടത്തിനായി ഒരു മത്സരം വരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറ്റവും ഹാർദ്ദവമായിത്തന്നെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നു’ – ആൽബനീസ് പറഞ്ഞു.

ക്രിക്കറ്റിനും ഉപരിയായ ബന്ധമാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ളതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. വിഖ്യാത ടിവി ഷോയായ ‘മാസ്റ്റർഷെഫ്’, യോഗ, ടെന്നിസ്, സിനിമകൾ, സാംസ്കാരികമായി വൈവിധ്യമുള്ള ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹം തുടങ്ങിയവ ഇരു രാജ്യങ്ങളും തമ്മിലുള്ള വളരുന്ന ബന്ധത്തിന്റെ അടയാളങ്ങളാണെന്ന് മോദി ചൂണ്ടിക്കാട്ടി. അടുത്ത 25 വർഷത്തിനുള്ളിൽ വികസിത രാജ്യമാകാനുള്ള വളർച്ചയുടെ പാതയിലാണ് ഇന്ത്യയെന്നു ചൂണ്ടിക്കാട്ടിയ മോദി, ബ്രിസ്ബേനിൽ ഉടൻതന്നെ ഇന്ത്യൻ കോൺസുലേറ്റ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.

നേരത്തെ, പാപുവ ന്യൂഗിനി സന്ദർശനത്തിനു ശേഷം 2 ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയിലെത്തിയത്. സിഡ്നിയിൽ പ്രധാനമന്ത്രി ആന്തണി അൽബനീസ് മോദിയെ സ്വീകരിച്ചു.

English Summary: "PM Modi Is 'The Boss'": Australian PM's Bruce Springsteen Comparison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com