ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസ് നേതാവ് ‌രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്ഐ അനുകൂല പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരേ വേദിയിൽ വാക്കുകൾ കൊണ്ട് പോരടിച്ച് നേതാക്കൾ. രമേശ് ചെന്നിത്തലയെ സാക്ഷിയാക്കി ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ എന്നിവരാണ് ഒരേ വേദിയിൽ തമാശരൂപേണ പോരടിച്ചത്. വേദിയിലുണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരനും പ്രസംഗമധ്യേ ഇതിന്റെ ഭാഗമായതോടെ സദസിൽ ചിരിപടർന്നു. പിന്നീട് സംസാരിച്ച രമേശ് ചെന്നിത്തല ആരെയും തള്ളാതെയും ആരെയും കൊള്ളാതെയും തന്റെ ഭാഗവും പറഞ്ഞു. ‘ചെന്നിത്തലയുടെ നിയമസഭാ പ്രസംഗങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഈ നേതാക്കളെല്ലാം ഒരേ വേദിയിൽ ഒന്നിച്ചെത്തിയത്.

‘ഡിവൈഎഫ്ഐയെ കണ്ടു പഠിക്കണം’ എന്ന് ചെന്നിത്തല പറഞ്ഞതിനോടു യോജിക്കുന്നുവെന്ന പ്രസ്താവനയുമായി ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജനാണ് വാക്പോരിനു തുടക്കമിട്ടത്. രമേശ് ചെന്നിത്തല ഇവിടെ ഇരിക്കേണ്ട ആളല്ലെന്നും ഡൽഹി വരെ പോകട്ടെയെന്നും ജയരാജൻ പറഞ്ഞു.

‘‘യൂത്ത് കോൺഗ്രസിന്റെ കെ പദ്ധതി പരാജയപ്പെട്ടു. ഡിവൈഎഫ്ഐയെ കണ്ടു പഠിക്കണം എന്ന് അദ്ദേഹം പറഞ്ഞതിനോട് എനിക്കു നല്ല ബഹുമാനമാണ്. കാര്യങ്ങളോടു ശരിയായി പ്രതികരിക്കുന്ന ഒരു രാഷ്ട്രീയ നേതാവാണ് രമേശ് ചെന്നിത്തല എന്നുള്ളതാണ് എന്റെ അഭിപ്രായം. അദ്ദേഹം അങ്ങ് ഡൽഹി വരെ പോകട്ടെ എന്നാണ് ഞാൻ യഥാർഥത്തിൽ ആഗ്രഹിക്കുന്നത്. അതിന് കഴിയട്ടെയെന്നും ആഗ്രഹിക്കുന്നു.

രമേശ് ചെന്നിത്തല നിയമസഭയില്‍ നടത്തിയിട്ടുള്ള പ്രസംഗങ്ങളിൽ അതിനോടൊക്കെ വിയോജിച്ചും ചിലതിനോടൊക്കെ യോജിപ്പുമുള്ള ആളായി ഞാനും ആ സമയത്ത് നിയമസഭയില്‍ ഉണ്ട്. ഇതില്‍ എന്നെക്കുറിച്ചും എഴുതിവച്ചിട്ടുണ്ട്. അതില്‍ ഒന്നും എനിക്ക് ഒരു പരിഭവവുമില്ല. എന്നു മാത്രമല്ല, അതല്ല ഇതിന്റെ വിധി നിര്‍ണയിക്കേണ്ട ഘടകം. അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിരീക്ഷണം വച്ചുകൊണ്ട് അദ്ദേഹത്തിന്റെ മുന്നണിയുടെ സവിശേഷതകള്‍ ഉയര്‍ത്തിക്കാണിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിയമസഭയിൽ നല്ലതുപോലെ പ്രതിപാദിച്ചിട്ടുണ്ട്’’ – ജയരാജൻ പറഞ്ഞു.

അതേസമയം, ഡിവൈഎഫ്ഐയെക്കുറിച്ച് ചെന്നിത്തല പറഞ്ഞത് നാക്കുപിഴയാണെന്നാണ് കരുതുന്നതെന്ന്, തുടർന്നു സംസാരിച്ച യുഡിഎഫ് കൺവീനർ എം.എം.ഹസൻ വ്യക്തമാക്കി. ‘‘ഡിവൈഎഫ്ഐയെ കണ്ടുപഠിക്കണം എന്നു പറഞ്ഞത് രമേശിനു സംഭവിച്ച നാക്കുപിഴയായിട്ടാണ് ഞാൻ കണക്കാക്കുന്നത്. അതു മനഃപൂർവം നേരത്തെ പറയാതിരുന്നതാണ്. ഇനി അതു പറഞ്ഞതിന്റെ പേരിൽ ജയരാജൻ വരാതിരുന്നാലോ?’’ – ഹസൻ പറഞ്ഞു.

അതിനിടെ, ചെന്നിത്തലയെ ഡൽഹിക്ക് അയയ്ക്കാനാണ് ജയരാജനും ഹസനും ചേർന്ന് ശ്രമിക്കുന്നതെന്നും ചെന്നിത്തലയ്ക്കു കേരളത്തിലും പ്രസക്തിയുണ്ടെന്നും കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു. ‘‘ചെന്നിത്തലയെ ഡൽഹിയിലേക്കു പറഞ്ഞയയ്ക്കാൻ ഹസനും ഇപിയും കൂടി ശ്രമം നടത്തുന്നതായി കാണുന്നു. ഡൽഹിയിൽ അദ്ദേഹത്തിനു റോളുണ്ട്. അക്കാര്യത്തിൽ സംശയമൊന്നുമില്ല. കേരളത്തിലും അദ്ദേഹത്തിനു പ്രസക്തിയുണ്ട്’’ – സുധീരന്റെ വാക്കുകൾ.

ജനങ്ങൾക്കായി പ്രവർത്തിക്കാൻ സ്ഥാനമാനങ്ങൾ ആവശ്യമില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. ‘‘സ്ഥാനമില്ലാതെയും എങ്ങനെ ജനങ്ങൾക്കായി പ്രവർത്തിക്കാം എന്നത് കഴിഞ്ഞ രണ്ടു വർഷമായി ഞാൻ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. സന്തോഷപൂർവം ഞാൻ പറയട്ടെ, സ്ഥാനമില്ലാതെ പ്രവർത്തിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം, സ്ഥാനമുള്ളപ്പോൾ കിട്ടില്ല എന്നതാണ് സത്യം’’ – ചെന്നിത്തല കൂട്ടിച്ചേർത്തു.

English Summary: EP Jayarajan, MM Hasan, VM Sudheeran On Chennithala's DYFI Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com