കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സിന്റെ സിലക്‌ഷൻ ട്രയൽസിനെത്തിയ കുട്ടികളെ സ്കൂളിനു പുറത്തു നിർത്തിയ സംഭവത്തിൽ ക്ഷമ ചോദിച്ച് സിപിഎം നേതാവും കുന്നത്തുനാട് എംഎൽഎയുമായ പി.വി.ശ്രീനിജിൻ രംഗത്ത്. കുട്ടികൾ കാത്തുനിൽക്കുന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഉടൻതന്നെ ഗേറ്റ് തുറന്നു നൽകാൻ നിർദ്ദേശം നൽകിയതായി ശ്രീനിജിൻ അറിയിച്ചു. മനഃപൂർവം തന്നെ മോശക്കാരനാക്കാനാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രമിക്കുന്നതെന്നും ശ്രീനിജിൻ ആരോപിച്ചു.
സിലക്‌ഷൻ ട്രയൽസ് നടക്കേണ്ട ഗ്രൗണ്ടിന്റെ ഗേറ്റ് എംഎൽഎ പൂട്ടിയിട്ടതോടെ, കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽനിന്നെത്തിയ നൂറോളം കുട്ടികളും മാതാപിതാക്കളും 4 മണിക്കൂറോളം പുറത്തുനിൽക്കേണ്ടിവന്നത് കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ അണ്ടർ–17 സിലക്‌ഷൻ ട്രയൽസിനു സ്പോർട്സ് കൗൺസിലിന്റെ പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമിയിൽ എത്തിയതായിരുന്നു കുട്ടികൾ. പനമ്പിള്ളി നഗർ ഗവ.എച്ച്എസ്എസിന്റെ വളപ്പിലാണ് അക്കാദമിയുടെ ഗ്രൗണ്ട്.
സ്കൂൾ കോർപറേഷന്റെ ചുമതലയിലാണെന്നും ഗേറ്റ് ഉടൻ തുറക്കണമെന്നും സ്ഥലത്തെത്തിയ കോൺഗ്രസ് കൗൺസിലർമാർ നിർബന്ധം പിടിച്ചു. ഒടുവിൽ ഈ ഗേറ്റ് സെക്യൂരിറ്റി ജീവനക്കാർ തുറന്നു. പിന്നീട് സ്പോർട്സ് അക്കാദമി അധികൃതരെത്തി ഗ്രൗണ്ടിലേക്കുള്ള ഗേറ്റും തുറന്നുകൊടുത്തു. രാവിലെ 6.30നു തുടങ്ങേണ്ട സിലക്‌ഷൻ നടപടികൾ തുടങ്ങിയപ്പോഴേക്കും 10.45 കഴിഞ്ഞിരുന്നു.
ജില്ലാ സ്പോർട്സ് കൗൺസിലിനു ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ഒക്ടോബർ മുതലുള്ള ഗ്രൗണ്ട് വാടക നൽകാനുള്ളതിനാലാണു ഗേറ്റ് പൂട്ടിയിട്ടതെന്നാണു ശ്രീനിജിന്റെ വാദം. എന്നാൽ, ബ്ലാസ്റ്റേഴ്സിന്റെ കരാർ തങ്ങളുമായിട്ടാണെന്നും ഈ മാസം വരെയുള്ള വാടക കിട്ടിയെന്നും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി പിന്നാലെ വ്യക്തമാക്കി. ഇതോടെ സംസ്ഥാന–ജില്ലാ സ്പോർട്സ് കൗൺസിലുകൾ തമ്മിലുള്ള അധികാരത്തർക്കവും പുറത്തുവന്നിരുന്നു.
English Summary: PV Sreenijin Clarifies His Stand On KBFC Selection Trials Controversy