ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃകാ സ്പോര്‍ട്സ് ഹോസ്റ്റൽ ആയിരുന്ന പനമ്പിള്ളിനഗർ ഹോസ്റ്റലിനെ കേരളത്തിലെ ഏറ്റവും മോശം സ്പോര്‍ട്സ് ഹോസ്റ്റൽ ആക്കിയതിന്റെ ഉത്തരവാദിത്തം പി.വി.ശ്രീനിജിൻ എംഎൽഎക്കാണെന്ന് സംസ്ഥാന സ്പോട്സ് കൗൺസിൽ മുൻ അധ്യക്ഷ ഒളിംപ്യൻ മേഴ്സി കുട്ടൻ. കുട്ടികളുടെ ഭക്ഷണത്തിൽപോലും കള്ളത്തരമാണ്. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണമുണ്ട്. എറണാകുളം ജില്ലയിലെ കായിക വികസനത്തിന്റെ തകർച്ചയ്ക്കു കാരണം ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റു കൂടിയായ പി.വി. ശ്രീനിജിനാണെന്നും മേഴ്സി കുട്ടൻ മനോരമ ന്യൂസിനോടു പറഞ്ഞു.

‘‘സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെ കേരളത്തിലെ ഏറ്റവും മികച്ച ഹോസ്റ്റലുകളിൽ ഒന്നായിരുന്നു പനമ്പിള്ളിനഗറിലെ അക്കാദമി. അവിടുത്തെ ഭക്ഷണവും മികച്ചതായിരുന്നു. മറ്റെവിടെയെങ്കിലും പോയി പനമ്പിള്ളിനഗറിലെ ഹോസ്റ്റലിനെക്കുറിച്ചു ഉദാഹരണമായി പറയാറുണ്ടായിരുന്നു. ശ്രീനിജിൻ വന്നതിനുശേഷം ഏറ്റവും മോശം ഹോസ്റ്റലായി അതു മാറി. കൃത്യമായ ഭക്ഷണം പോലും അവിടെ കിട്ടുന്നില്ല. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ് ഇപ്പോൾ. വ്യാജ ബില്ലുകളാണ് അവിടെ കൊടുത്തിരിക്കുന്നത്. കേരള സ്പോർട്സ് കൗൺസിലും അന്വേഷണം നടത്തുന്നു’’ – മേഴ്സി കുട്ടൻ കൂട്ടിച്ചേർത്തു.

മികച്ച നിലവാരം ഉണ്ടായിരുന്ന എറണാകുളം ജില്ലയെ ഇത്തരം പല നടപടികളും കാരണം കായിക രംഗത്ത് പിന്നോട്ടാക്കി. ‘‘പല കാര്യങ്ങളിലും പിന്നാക്കം പോയി. കഴിഞ്ഞ തവണ ബീച്ച് ഗെയിംസ് എറണാകുളം ജില്ലയാണ് നടത്തേണ്ടിയിരുന്നത്. അതു നടത്തിയില്ല. മേയ് ദിനത്തിന് എല്ലാവർഷവും നടത്തുന്ന പരിപാടിയും നടത്തിയിട്ടില്ല’’ – മേഴ്സി കുട്ടൻ പറഞ്ഞു. കായിക വികസനത്തിനു തുരങ്കം വയ്ക്കുന്ന ശ്രീനിജൻ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് വിവിധ യുവജന സംഘടനകളും കായിക പ്രേമികളും പറയുന്നു.

സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്കു ഭക്ഷണത്തിനുള്ള തുക പോലും നിരാകരിക്കപ്പെട്ടിട്ടും മിണ്ടാതിരുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സില‌ക്‌ഷൻ ട്രയൻസ് തടസ്സപ്പെടുത്തി കുട്ടികളെ ബുദ്ധിമുട്ടിലാക്കിയത്. പാർട്ടിയും സ്പോർട്സ് കൗൺസിലും വിശദീകരണം തേടിയിട്ടില്ലെങ്കിലും രണ്ടിടത്തും അതൃപ്തി പുകയുകയാണ്.

English Summary: Olympian Mercy Kuttan against PV Srinijin MLA about Ernakulam Sports Hostel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com