ADVERTISEMENT

വാഷിങ്ടൻ∙ ജൂണിൽ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനം
അഭിസംബോധന ചെയ്യാൻ ക്ഷണിക്കണമെന്ന് ആവശ്യം. യുഎസ് പ്രതിനിധി സഭയിലെ ജനപ്രതിനിധികളാണ് ഈ ആവശ്യം മുന്നോട്ടു വച്ചിരിക്കുന്നത്. യുഎസ് സന്ദർശിക്കുന്ന മോദിക്ക് ജൂൺ 22നാണ് പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ അത്താഴവിരുന്ന് ഒരുക്കിയിരിക്കുന്നത്.

‘‘രാജ്യതലവൻമാരോടുള്ള ആദരമെന്ന നിലയിലാണ് ഔദ്യോഗിക അത്താഴ വിരുന്നുകൾ പരിഗണിക്കപ്പെടുക. അങ്ങനെയെങ്കിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവും 21ാം നൂറ്റാണ്ടിൽ ചൈനയെ നേരിടാൻ തക്ക പങ്കാളിയുമായ ഇന്ത്യയുടെ പ്രധാനമന്ത്രിയെ ആദരസൂചകമായി കോൺഗ്രസിന്റെ സംയുക്ത സമ്മേളനം അഭിസംബോധന ചെയ്യാൻ ക്ഷണിക്കണം’’ – ഡെമോക്രാറ്റ് പ്രതിനിധി റോ ഖന്ന, റിപ്പബ്ലിക്കൻ പ്രതിനിധി ജെയിംസ് വാൾട്ട്സ് എന്നിവർ സ്പീക്കർ കെവിൻ മക്‌കാർത്തിക്ക് അയച്ച സംയുക്ത കത്തിൽ ആവശ്യപ്പെടുന്നു.

ഇന്ത്യയും യുഎസും തമ്മിലുള്ള സൗഹൃദം കുറച്ചുകൂടി ആഴത്തിലും ശക്തവുമാകാൻ ഇത്തരമൊരു നടപടി കാരണമാകുമെന്നു വിശ്വസിക്കുന്നതായും ഇരുവരുമെഴുതിയ കത്തിൽ പറയുന്നു. മറ്റ് എതിർപ്പുകൾ ഉയർന്നില്ലെങ്കിൽ റിപ്പബ്ലിക്കനായ സ്പീക്കർ മക്‌കാർത്തി കത്തിൽ അനുകൂല നിലപാടെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്പീക്കർ അനുകൂല നിലപാട് എടുക്കുകയും മോദി അത് സ്വീകരിക്കുകയുമാണെങ്കിൽ യുഎസ് കോൺഗ്രസിനെ രണ്ടുതവണ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം മാറും.

English Summary: US lawmakers want Modi to address a joint session of Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com