‘സമാധാനം നിലനിർത്തണം’; അമിത് ഷാ മണിപ്പുരിലെ സംഘർഷമേഖല സന്ദർശിക്കും

Mail This Article
ഗുവാഹത്തി∙ അക്രമം രൂക്ഷമായ മണിപ്പുർ സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സമാധാനം പാലിക്കണമെന്നും നീതി നടപ്പാക്കണമെന്നും ജനങ്ങളോട് അഭ്യർഥിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘കുറച്ചുനാൾ കഴിഞ്ഞ് ഞാൻ തന്നെ മണിപ്പുരിലേക്ക് പോകും. അവിടെ മൂന്നുദിവസം താമസിക്കും. സമാധാനം നിലനിർത്താൻ ജനങ്ങളുമായി സംസാരിക്കും.’– അമിത് ഷാ പറഞ്ഞു.
കുകി, നാഗ എന്നിവയടക്കമുള്ള ഗോത്ര വിഭാഗങ്ങളും മെയ്തെയ്കളും തമ്മിലാണു മണിപ്പുരിലെ സംഘർഷം. മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ രംഗത്തിറങ്ങുകയായിരുന്നു. കലാപത്തിൽ നിരവധി വീടുകൾ കത്തിചാമ്പലായി. 50ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
മണിപ്പുരിലെ ഏറ്റവും വലിയ ജനവിഭാഗമായ മെയ്തെയ് ജനസംഖ്യയുടെ 64% വരും. അവർ താഴ്‌വാരങ്ങളിലെ ജില്ലകളിലാണു താമസം. മ്യാൻമറിൽ നിന്നു കുടിയേറിയ കുകികൾ, മണിപ്പുരിലെ മലനിരകളിൽ വാസമുറപ്പിക്കുകയായിരുന്നു. മലനിരകളിലുള്ള ജില്ലകൾ പൂർണമായി ഗോത്രങ്ങളുടെ നിയന്ത്രണത്തിലാണ്. ഭൂരിപക്ഷമായ തങ്ങൾക്കു 10% സ്ഥലം മാത്രമുള്ളപ്പോൾ, ഗോത്ര വിഭാഗക്കാർ മറ്റു ഭൂപ്രദേശങ്ങൾ കയ്യടക്കിവച്ചിരിക്കുകയാണെന്നു മെയ്തെയ് വിഭാഗം പരാതിപ്പെടുന്നു.
പരിഹാരമെന്ന നിലയിൽ പട്ടികവർഗ പദവി വേണമെന്നാവശ്യപ്പെട്ടു മെയ്തെയ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചു. വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോടു ഹൈക്കോടതി നിർദേശിച്ചു. ഗോത്രവിഭാഗങ്ങൾക്കു നിലവിൽ പട്ടികവർഗ പദവിയുണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷ വിഭാഗമായ മെയ്തെയ്കൾക്കു കൂടി ആ പദവി ലഭിച്ചാൽ, തൊഴിൽ, വിദ്യാഭ്യാസം എന്നിവയിൽ തങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നഷ്ടമാകുമെന്നും മലനിരകളിൽ ഭൂമി മെയ്തെയ്കൾ കയ്യേറുമെന്നും ഗോത്ര വിഭാഗങ്ങൾ ആശങ്കപ്പെടുന്നു.
English Summary: Amit Shah To Visit Violence-Hit Manipur, Says "Should Maintain Peace"