മകളെ പീഡിപ്പിക്കാൻ ശ്രമം, കൂടെക്കിടന്നില്ലെങ്കിൽ വീടു നോക്കില്ലെന്ന് ഭീഷണി; മുൻ സൈനികൻ അറസ്റ്റിൽ

Mail This Article
ലക്നൗ∙ പത്തൊൻപതുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻ സൈനികൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സുശാന്ത് ഗോൾഫ് സിറ്റിയിൽ താമസിക്കുന്ന സൈനികനെയാണ്, മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. സൈന്യത്തിൽനിന്ന് വിആർഎസ് എടുത്ത സൈനികനാണ് പ്രതിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആറു വർഷമായി ഇയാൾ മകളെ ഉപദ്രവിക്കുന്നതായാണ് പരാതിയെന്ന് പൊലീസ് അറിയിച്ചു.
‘‘അയാൾ എന്നെ മർദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ പലതവണ ശ്രമിക്കുകയും ചെയ്തു. ഇതുവരെയും ഞാൻ ഒരുവിധം പിടിച്ചുനിന്നു. എന്റെ അമ്മയെയും സഹോദരങ്ങളെയും അയാൾ സ്ഥിരമായി ഉപദ്രവിച്ചിരുന്നു. അയാൾക്കൊപ്പം കിടക്ക പങ്കിട്ടില്ലെങ്കിൽ ഞങ്ങളുടെ കാര്യങ്ങൾ നോക്കില്ലെന്നു പോലും ഭീഷണിപ്പെടുത്തി’ – പെൺകുട്ടി പൊലീസിനോടു വെളിപ്പെടുത്തി.
‘‘ഏതാനും മാസങ്ങൾക്കു മുൻപ് എന്നെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു. അന്ന് ഞാൻ ഒരുവിധത്തിലാണ് അവിടെനിന്ന് ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞ മൂന്നു മാസമായി അയാൾ ഞങ്ങൾക്ക് പണം പോലും നൽകുന്നില്ല. ഞങ്ങളുടെ ഒരു കാര്യവും നോക്കുന്നുമില്ല’ – പെൺകുട്ടി പറഞ്ഞു.
സംഭവത്തിൽ സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതായി എസ്എച്ച്ഒ ശൈലേന്ദ്ര ഗിരി വ്യക്തമാക്കി. സംഭവത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ മുൻ സൈനികനെ അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ ജയിലിലാണ്.
English Summary: Ex-armyman tries to rape 19-yr-old daughter, arrested