30 പേർ കയറേണ്ടിടത്ത് കുട്ടികള്‍ ഉള്‍പ്പെടെ 62 പേർ; ആലപ്പുഴയിൽ ബോട്ട് പിടിച്ചെടുത്തു

Mail This Article
ആലപ്പുഴ ∙ ആലപ്പുഴയില്‍ അധികം യാത്രക്കാരെ കയറ്റിയ ബോട്ട് പിടിച്ചെടുത്തു. 30പേര്‍ കയറേണ്ട ബോട്ടിലുണ്ടായിരുന്നത് കുട്ടികള്‍ ഉള്‍പ്പെടെ 62 പേരായിരുന്നു. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിലാണ് നടപടി. ബോട്ട് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ബോട്ട് ആരിയാടുള്ള സർക്കാർ യാർഡിലേക്ക് മാറ്റി.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. റിസോർട്ടിൽനിന്നുള്ള ആളുകളെയും കയറ്റിയാണ് ബോട്ട് യാത്രതിരിച്ചത്. താഴ്ഭാഗത്ത് 20 പേർക്കും അപ്പർഡെക്കിൽ 10 പേർക്കുമാണ് സഞ്ചരിക്കാൻ അനുവാദമുള്ളത്. എന്നാൽ 62 പേർ സഞ്ചരിച്ചതായി പോർട്ട് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. താനൂർ ബോട്ടപകടത്തിനുശേഷം ആലപ്പുഴയിൽ പരിശോധന ശക്തമാണ്.
English Summary: Excess passengers than permit; Boat taken in custody in Alappuzha