ADVERTISEMENT

മുംബൈ∙ ഡൽഹി സർക്കാരിനു കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്ക് പ്രത്യേക അതോറിറ്റി രൂപീകരിച്ച് കേന്ദ്ര സർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരെ പിന്തുണ തേടി, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ‘ബിജെപിയുടെ ഗെയിംപ്ലാൻ രാജ്യത്തിന് അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയാണെന്നും ഇത് പ്രതിപക്ഷത്തിന്റെ പ്രശ്‌നമല്ല, രാജ്യത്തിന്റെ പ്രശ്‌നമാണെ’ന്നും കൂടിക്കാഴ്ചയ്ക്കുശേഷം കേജ്‌രിവാൾ പറഞ്ഞു. 

‌‘‘ശരദ് പവാർ രാജ്യത്തെ ഏറ്റവും വലിയ നേതാക്കളിലൊരാളാണ്. രാജ്യത്തെ മറ്റു പാർട്ടികളുടെ പിന്തുണ ശേഖരിക്കാൻ സഹായിക്കാൻ അദ്ദേഹത്തോട് അഭ്യർഥിക്കുന്നു’’– ശരദ് പവാറും എൻസിപി നേതാക്കളും പങ്കെടുത്ത സംയുക്ത വാർത്താസമ്മേളനത്തിൽ കേജ്‌രിവാൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കേജ്‌രിവാൾ മറ്റു പാർട്ടികളുടെ പേര് പറഞ്ഞില്ലെങ്കിലും, കോൺഗ്രസിന്റെ പിന്തുണ തേടാൻ പവാറിന്റെ സഹായം തേടിയതാണെന്ന് ഊഹാപോഹമുണ്ട്. ഈ വിഷയത്തിൽ കോൺഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആം ആദ്മി പാർട്ടിയുമായി കോൺഗ്രസിന്റെ ഡൽഹി ഘടകം തർക്കത്തിലാണ്. 

ബില്ലിനെതിരെ രാജ്യസഭയിൽ പോരാടാൻ എഎപിക്ക് കോൺഗ്രസിന്റെ സഹായം വേണം. രാജ്യസഭയിൽ കോൺഗ്രസിന് 31 എംപിമാരാണുള്ളത്. തൃണമൂൽ കോൺഗ്രസിന് 12, എൻസിപിക്ക് നാല്, ശിവസേനയ്ക്ക് (ഉദ്ധവ് വിഭാഗം) മൂന്ന്, എഎപിക്ക് 10 എംപിമാരുമുണ്ട്. കേന്ദ്രം മൺസൂൺ സമ്മേളനത്തിൽ ഇതു സംബന്ധിച്ച ബിൽ പാർലമെന്റിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുസഭകളിലും ബിൽ പാസാക്കുമെന്ന് ബിജെപി ആത്മവിശ്വാസത്തിലാണ്. ശിവസേന (ഉദ്ധവ് വിഭാഗം) അധ്യക്ഷനും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ, ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരുമായി കേജ്‌രിവാൾ നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു.

English Summary: "Matter Of The Country, Not Opposition": Arvind Kejriwal Meets Sharad Pawar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com