ADVERTISEMENT

ന്യൂഡൽഹി ∙ ബ്രിട്ടൻ അധികാരം കൈമാറിയതിന്റെ ഓർമയുണർത്തുന്ന ‘സ്വർണ ചെങ്കോൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി പാർലമെന്റിൽ സ്ഥാപിക്കുന്നതിനു പിന്നിൽ ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യവും? തമിഴകത്തിലെ ഒരു വിഭാഗത്തിന്റെ മനസിലേക്കു കുടിയേറാനുള്ള താക്കോലായാണ് ബിജെപി ചെങ്കോലിനെ കാണുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഡിഎംകെ സര്‍ക്കാരിനെ എതിര്‍ക്കുന്ന 24 അധീനങ്ങളെ (മഠം) ഒപ്പം നിര്‍ത്തുക വഴി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള നീക്കമാണ് ബിജെപി ലക്ഷ്യമിടുന്നത്.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അധികാരത്തിൽനിന്ന് തൂത്തെറിയപ്പെട്ട ബിജെപി, ലോക്സഭാ തിര‍ഞ്ഞെടുപ്പു മുൻനിർത്തി ഒരു തിരിച്ചുവരവു കൂടിയാണ് ഈ ചെങ്കോൽ കൈമാറ്റത്തിലൂടെ ഉന്നമിടുന്നതെന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ചും തമിഴ്നാട്ടിലെ രാഷ്ട്രീയ പോരാട്ടമാണ് ബിജെപിയുടെ മനസ്സിൽ.

തമിഴ്‌നാട്ടിലെ 24 അധീനം (മഠം) തലവൻമാരിൽ നിന്ന് മോദി ചെങ്കോൽ സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്‌സഭാ സ്പീക്കറുടെ കസേരയ്ക്കു സമീപം അധികാരത്തിന്റെ ചരിത്ര ചിഹ്നമായ ചെങ്കോൽ സ്ഥാപിക്കുമെന്നാണ് സൂചന. തമിഴ്നാട്ടിലെ ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് ആർഎസ്എസ് നടത്തുന്ന നീക്കങ്ങൾക്കിടെയാണ്, 24 അധീനം (മഠം) തലവൻമാരിൽ നിന്ന് മോദി ചെങ്കോൽ സ്വീകരിക്കുമെന്ന പ്രഖ്യാപനം.

തങ്ങളുടെ പരമ്പരാഗത ആചാരങ്ങള്‍ക്ക്‌ വിഘ്നം സൃഷ്ടിക്കുന്നുവെന്ന ആരോപണവുമായി ഡിഎംകെ സർക്കാരിനെ തുറന്നെതിർക്കുന്ന തമിഴ്നാട്ടിലെ ശൈവ മഠങ്ങൾക്ക് ബിജെപി പിന്തുണ നൽകുന്നത് ഇതാദ്യമല്ല. മധുരയിലെയും ധർമപുരത്തെയും അധീനങ്ങൾക്ക് സംസ്ഥാന ബിജെപി തുറന്ന പിന്തുണയാണ് നൽകിവരുന്നത്. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരും കാശി–തമിഴ് സംഗമങ്ങൾ പോലുള്ള പരിപാടികളിലൂടെ ഈ പിന്തുണ ഊട്ടിയുറപ്പിക്കുന്നു. 

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴിനെ പുകഴ്ത്തി രംഗത്തെത്തിയതും ശ്രദ്ധേയം. തമിഴ് നമ്മുടെ ഭാഷയാണെന്നും ഓരോ ഇന്ത്യക്കാരന്റെയും ഭാഷയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ലോകത്തേറ്റവും പഴക്കമേറിയതാണ് തമിഴ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1947 ഓഗസ്റ്റ് 14 ന് അർധരാത്രി അധികാരക്കൈമാറ്റത്തിനു 15 മിനിറ്റ് മുൻപാണു തമിഴ്നാട്ടിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതർ ചെങ്കോൽ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനു കൈമാറിയത്. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം ഈ ചടങ്ങുകൾ പുനഃസൃഷ്ടിക്കാനാണ് തീരുമാനം. 28നു രാവിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതന്മാരുടെ നേതൃത്വത്തിൽ ചടങ്ങുകളുണ്ടാകും. ശേഷം, ഇവർ പാർലമെന്റിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ചെങ്കോൽ കൈമാറും. പ്രത്യേകം സജ്ജമാക്കിയ ഗ്ലാസ് ബോക്സിൽ മോദി അതു സ്ഥാപിക്കും.

 

English Summary: Old Sceptre Gets New Meaning As BJP Chases Tamil Hearts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com