ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് റബര്‍ വിലയുടെ പേരില്‍ ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്താനുള്ള ബിജെപി നീക്കം പൊളിക്കാന്‍ കേരള കര്‍ഷക സംഘത്തിന്‍റെ രാപകല്‍ സമരം തുടങ്ങി. റബര്‍ താങ്ങുവില 300 രൂപയാക്കി കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കണം എന്ന ആവശ്യമാണ് സിപിഎം പോഷകസംഘടനയായ കേരള കര്‍ഷക സംഘം മുന്നോട്ടുവയ്ക്കുന്നത്. 

റബര്‍ വില 300 രൂപയാക്കിയാല്‍ കേരളത്തില്‍ നിന്ന് എംപിയില്ലെന്ന ബിജെപിയുടെ വിഷമം മാറ്റിത്തരാമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയില്‍ പ്രസംഗിച്ചത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് താങ്ങുവില 300 രൂപയാക്കി കേന്ദ്ര സര്‍ക്കാര്‍ തന്നെ റബര്‍ സംഭരിക്കണം എന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘം രാജ്ഭവനു മുന്നില്‍ രാപകല്‍ സമരം തുടങ്ങിയിരിക്കുകയാണ്.

റബര്‍ വിലയിടിവിന് കാരണം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണെന്നും ബിജെപി പറയുന്നത് വിശ്വസിക്കരുതെന്നും സമരം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യ കിസാന്‍ സഭ നേതാവ് വിജു കൃഷ്ണന്‍ ആരോപിച്ചു. റബറിനെ കാര്‍ഷിക വിളയായി അംഗീകരിക്കുക, റബര്‍ ബോര്‍ഡ് ഓഫിസ് കേരളത്തില്‍ തന്നെ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷക സംഘം ഉന്നയിക്കുന്നു. 1000 റബര്‍ കര്‍ഷകരെയും സമരത്തില്‍ അണിനിരത്തിയിട്ടുണ്ട്. നാളെ രാജ്ഭവനിലേക്ക് വന്‍ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ചിന് മുന്നോടിയായി മലയോര മേഖലയില്‍ റബര്‍ കര്‍ഷകരുടെ ലോങ് മാര്‍ച്ചും ഗൃഹസന്ദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

English Summary: Rubber Price: Day and night strike of Kerala Karshaka Sangham starts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com