ADVERTISEMENT

തിരുവനന്തപുരം∙ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് റവന്യുമന്ത്രി കെ.രാജന്റെ നിര്‍ദേശപ്രകാരം, റവന്യു വകുപ്പില്‍ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് സംസ്ഥാനത്താകെയുള്ള വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തി. 

സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തിരുവനന്തപുരം ജില്ലയിലെ വിവിധ വില്ലേജ് ഓഫിസുകളില്‍ പരിശോധന നടത്തി. ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ പരിശോധനാ സംഘം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി 41 ഓഫിസുകളില്‍ പരിശോധന നടത്തി. 11 ഡപ്യൂട്ടി കലക്ടര്‍മാരുടെയും 3 സീനിയര്‍ സൂപ്രണ്ടുമാരുടെയും നേതൃത്വത്തില്‍ 14 ടീമുകളായി തിരിഞ്ഞാണ് 12 ജില്ലകളില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം റവന്യുമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന റവന്യു സെക്രട്ടേറിയറ്റിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അടുത്ത ദിവസം തന്നെ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. സേവനാവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും മതിയായ കാരണമില്ലാത്ത നല്‍കാതിരുന്നാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ലാൻഡ് റവന്യു കമ്മിഷണറെ ചുമതലപ്പെടുത്തി.

സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന മൂന്ന് മേഖലാ റവന്യു വിജിലന്‍സ് ഓഫിസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനും അതോടൊപ്പം കമ്മിഷണറേറ്റിലെയും കലക്ടറേറ്റുകളിലെയും പരിശോധന വിഭാഗങ്ങള്‍ ശക്തമാക്കാനും നടപടി സ്വീകരിച്ചു. ഇതിനായി കൂടുതല്‍ ജീവനക്കാരെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.

ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതോടു കൂടി അഴിമതി ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പൊതുജനങ്ങളെ ഇ-സേവനങ്ങള്‍ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുന്നതിനു വേണ്ടി ‘റവന്യു ഇ-സാക്ഷരത’ എന്ന പേരില്‍ ആരംഭിച്ച പദ്ധതി കാര്യക്ഷമമാക്കും. പൊതുജനങ്ങളെ റവന്യു ഓഫിസുകളില്‍ എത്തിക്കാതെ തന്നെ സേവനങ്ങള്‍ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇ-സേവനങ്ങള്‍ നല്‍കുന്നതിലുള്ള പുരോഗതിയും കാലതാമസവും പരിശോധിക്കുന്നതിന് റവന്യുമന്ത്രിയുടെ ഓഫിസിലും ലാൻഡ് റവന്യു കമ്മിഷണറേറ്റിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.

അഴിമതി കേസുകളില്‍ നടപടി സമയബന്ധിതമായി പൂര്‍ത്തീകരിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അഴിമതി സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുന്നതിന് ലാൻഡ് റവന്യു കമ്മിഷണറേറ്റില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. അടുത്തയാഴ്ച തന്നെ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ച്, അവരുടെ കൂടി സഹകരണത്തോടെ അഴിമതിക്കെതിരെയുള്ള നടപടികളിൽ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.

Content Highlight: Village Field Assistant Arrest in Bribe Case: Inspection at Village Offices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com