തിരുവനന്തപുരം ∙ കനകക്കുന്നിൽ ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിലെ ജയിൽ വകുപ്പിന്റെ സ്റ്റാൾ ശ്രദ്ധേയമാകുന്നു. പൊതുജനങ്ങൾ സിനിമകളിലും വാർത്തകളിലും മാത്രം കണ്ടുവരുന്ന ജയിലിനെ പൊതുജനങ്ങൾക്കായി പരിചയപ്പെടുത്തുകയാണ് വകുപ്പ്.
തടവുകാരും ജീവനക്കാരും ചേർന്ന് നിർമിച്ച തിരുവനന്തപുരം സെൻട്രൽ ജയിലിന്റെ മിനിയേച്ചർ മാതൃക, സെൽ റൂമിന്റെയും ബാരക്കുകളുടെയും മാതൃക, കേരളത്തിലെ മറ്റു സെൻട്രൽ ജയിലുകളിലെ പ്രവർത്തനം, ഫോട്ടോ പ്രദർശനം, തിരുവനന്തപുരം സെൻട്രൽ ജയിലിലെ തൂക്കുമരത്തിന്റെ മാതൃക, വിവിധതരം ശിക്ഷാരീതികളെക്കുറിച്ചുള്ള വിവരണം തുടങ്ങിയവ പ്രദർശനത്തിലുണ്ട്. ഒളിപ്പിച്ച ലഹരി വസ്തുക്കൾ കണ്ടെത്തുന്ന പ്രിസൺ ഡോഗ് സ്ക്വാഡിന്റെ ഡെമോ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
ജയിലിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയും കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണപദാർഥങ്ങൾ വിൽക്കുന്ന ഭക്ഷണസ്റ്റാളും മേളയിലുണ്ട്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തടവുകാരെ കാണുന്നതിനുള്ള ആധുനിക കൂടികാഴ്ച്ചാകേന്ദ്രം, തടവുകാർ ഉപയോഗിക്കുന്ന സ്മാർട്ട് കാർഡ് ഫോൺ സിസ്റ്റം എന്നിവയുടെ മാതൃകയും പ്രദർശനത്തിനുണ്ട്.
English Summary: A miniature model of the Central Jail featured in my Kerala exhibition