ADVERTISEMENT

പാലക്കാട്∙ അട്ടപ്പാടി ചുരം ഒൻപതാം വളവിനു സമീപം കണ്ടെത്തിയ ട്രോളി ബാഗുകൾ തുറന്ന് പരിശോധിക്കുന്നു. ട്രോളി ബാഗിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം രണ്ടായി മുറിച്ച് രണ്ടു ബാഗുകളിൽ ആക്കുകയായിരുന്നു. ഒരു ബാഗിൽ അരയ്ക്കു മുകളിലോട്ടുള്ള ഭാഗവും മറ്റേ ബാഗിൽ അരയ്ക്ക് കീഴ്പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിന്റേത് തന്നെയെന്ന് ബന്ധുക്കളെത്തി സ്ഥിരീകരിച്ചു.

മലപ്പുറം എസ്പി സുജിത് ദാസ് ചുരത്തിലെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി. 18നും 19നും ഇടയ്ക്കാണ് മരണം നടന്നതെന്ന് എസ്പി അറിയിച്ചു. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആഷിഖ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രോളി ബാഗുകൾ കിടന്ന സ്ഥലം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ മൂന്നു പേർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തുമെന്ന് സുജിത് ദാസ് പറഞ്ഞു. 

പ്രതിയെന്ന് സംശയിക്കുന്ന ആഷിക്കിനെയും ഇവിടെ എത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സിദ്ദീഖിന്റെ ഹോട്ടൽ ജീവനക്കാരനായ ഷിബിലി , ഒപ്പം പിടിയിലായ ഫർഹാന എന്നിവരെ ചെന്നൈയിൽ നിന്ന് ട്രെയിൻ മാർഗം തിരൂര് എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൊലപാതക കാരണം വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 

മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ട്രോളിബാഗിൽ ഉപേക്ഷിച്ചതിനെക്കുറിച്ച് ആഷിക്കിനാണ് അറിവുള്ളതെന്നാണ് പ്രാഥമിക വിവരം. പെട്ടികൾ ഇവിടെ ഉപേക്ഷിക്കുമ്പോൾ കാറിൽ ആഷിക്കുമുണ്ടായിരുന്നെന്നാണ് കരുതുന്നത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കൂടുതൽ പരിശോധനകൾക്കായി കോഴിക്കോട് എത്തിക്കും. കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ട് ഹണിട്രാപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയരുന്നുണ്ട്. ഇതും അന്വേഷണ പരിധിയിലുണ്ട്.

അതേസമയം കോഴിക്കോട് കൊല്ലപ്പെട്ട സിദ്ദീഖിന്റെ കാർ ചെറുതുരുത്തിയിൽ കണ്ടെത്തി.  മൃതദേഹം ബാഗിലാക്കി കൊണ്ടുപോയതും പ്രതികൾ സഞ്ചരിച്ചതും ഇതേ കാറിലാണ്. ഇതേ കാറിൽ എടിഎമ്മിൽ എത്തിയാണ് പ്രതികൾ സിദ്ദീഖിന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചത്. 

English Summary: Malappuram SP on Siddique murder and inquest details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com