‘സിദ്ദിഖിനെ കാണാതായത് ഷിബിലിയെ പിരിച്ചുവിട്ട അന്ന്’; ഹണിട്രാപ് സാധ്യതയും അന്വേഷിക്കും

siddique-trolley-bags
ചുരത്തിൽ കണ്ടെത്തിയ ട്രോളി ബാഗ്, സിദ്ദീഖ്
SHARE

മലപ്പുറം∙ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയ സംഭവത്തിൽ മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫർഹാന, ചിക്കു എന്ന ആഷിക്ക് എന്നിവരാണ് പിടിയിലായത്. ചെന്നൈയിൽവച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ രണ്ടു പെട്ടികളിൽ കൊല്ലപ്പെട്ട കോഴിക്കോട് ഹോട്ടൽ ഉടമ സിദ്ദിഖിന്‍റെ മൃതദേഹമാണെന്നാണ് സംശയം. ഒന്‍പതാം വളവിലാണ് രണ്ടു ട്രോളി ബാഗുകള്‍ കണ്ടെത്തിയത്.

കേസിൽ ഇൻക്വസ്റ്റ് നടപടികൾ രാവിലെ ആരംഭിക്കും. കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖ് (58) ആണു കൊല്ലപ്പെട്ടത്. സിദ്ദീഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസയിൽ വച്ചാണ് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. കൊലപാതകത്തിനു പിന്നിൽ ഹണി ട്രാപ്പാണോ എന്നും അന്വേഷിക്കുന്നുണ്ട്. മരിച്ച സിദ്ദീഖിന്റെ ഭാര്യ: ഷക്കീല. മക്കൾ: ഷുഹൈൽ, ഷിയാസ്, ഷാഹിദ്, ഷംല.

ദിവസങ്ങളായി ഫോണിൽ കിട്ടാത്തത്തോടെയാണ് പൊലീസിൽ പരാതി നൽകിയതെന്ന് സിദ്ദീഖിന്റെ സഹോദരൻ പറ‍ഞ്ഞു. ഷിബിലിയെ പിരിച്ചുവിട്ട ദിവസമാണ് സിദ്ദീഖിനെ കാണാതായതെന്നും അദ്ദേഹം പറഞ്ഞു.

‘‘കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് വീട്ടിൽനിന്ന് പോയത്. ഹോട്ടലിലെ മേൽനോട്ടക്കാരനായിരുന്നു ഷിബിലി. മറ്റ് തൊഴിലാളികൾ ഷിബിലിയുടെ പെരുമാറ്റദൂഷ്യത്തെപ്പറ്റി പരാതിപ്പെട്ടിരുന്നു. ഷിബിലിയ്ക്ക് കുറച്ചു ദിവസത്തെ ശമ്പളം നൽകാനുണ്ടായിരുന്നു. അതു കൊടുത്ത് അവരെ കടയിൽനിന്ന് ഒഴിവാക്കി. അര മണിക്കൂർ കഴിഞ്ഞപ്പോൾ സിദ്ദീഖ് കടയിൽനിന്ന് പോയി. വൈകിട്ട് ഹോട്ടലിലെ സ്റ്റാഫ് സാധനങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദീഖിനെ വിളിച്ചപ്പോൾ തലശേരിയിലാണ്, വരാൻ വൈകും, നിങ്ങൾ തന്നെ സാധനങ്ങൾ വരുത്താനാണ് അവരോട് പറഞ്ഞത്.’

‘‘അതിനുശേഷം ഞങ്ങൾ രാത്രി വിളിച്ചപ്പോൾ ഫോൺ ഓഫ് ആയിരുന്നു. സാധാരണ യാത്രയിൽ ഫോൺ ഓഫായാലും പിന്നീട് തിരിച്ചു വിളിക്കുന്നതാണ്. എന്നാൽ പിന്നീട് ഞങ്ങളെ വിളിച്ചിട്ടില്ല. കോഴിക്കോടും ഹോട്ടൽ നടത്തുന്ന സിദ്ദീഖ് ചിലപ്പോൾ രണ്ടു ദിവസമൊക്കെ അവിടെ താമസിക്കാറുണ്ട്. അതിനു ശേഷമാണ് വീട്ടിലേക്ക് വരാറ്. എന്നാൽ പോയി കുറച്ചു ദിവസങ്ങളായിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ഹോട്ടലിൽനിന്ന് ഇങ്ങോട്ട് ജീവനക്കാർ വിളിക്കുകയും ചെയ്തു. ഇതോടെയാണ് പരാതി നൽകിയത്’– സിദ്ദീഖിന്റെ സഹോദരൻ പറഞ്ഞു. രണ്ടു ലക്ഷത്തോളം രൂപ സിദ്ദീഖിന്റെ എടിഎം വഴി നഷ്ടമായെന്നും സഹോദരൻ പറഞ്ഞു.

സിദ്ദീഖിനെ കാണാതായതിനു പിന്നാലെ അക്കൗണ്ടിൽനിന്ന് തുടർച്ചയായി പലയിടങ്ങളിൽനിന്നായി പണം പിൻവലിച്ചിരുന്നുവെന്ന് മകൻ പറഞ്ഞു. കോഴിക്കോട്, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നാണ് പണം പിൻവലിച്ചത്. ഈ എടിഎം കൗണ്ടറുകളിലെ സിസിടിവി പരിശോധിച്ചപ്പോൾ പണം പിൻവലിച്ചത് സിദ്ദീഖ് അല്ലെന്ന് മനസ്സിലായി. ഏതാണ്ട് മുഴുവൻ തുകയും അക്കൗണ്ടിൽനിന്ന് പിന്‍വലിച്ചിട്ടുണ്ടെന്നും മകൻ പറഞ്ഞു.

English Summary: Siddique Murder Case- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS