ADVERTISEMENT

കമ്പം ∙ ടൗണിലിറങ്ങി പരാക്രമം നടത്തിയ അരിക്കൊമ്പൻ കമ്പത്തുനിന്നു വനാതിർത്തി മേഖലയിലേക്ക് നീങ്ങുന്നു. ജനവാസ മേഖലയ്ക്ക് സമീപം വാഴത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന കൊമ്പൻ അവിടെനിന്നു പുറത്തെത്തി ദേശീയപാത മുറിച്ചുകടന്നു. ലോവർ ക്യാംപ് ഭാഗത്തേക്കോ കമ്പംമേട്ട് പരിസരത്തേക്കോ നീങ്ങിയേക്കും. കമ്പംമേട്ട് മലനിരകൾക്ക് അപ്പുറം കേരളമാണ്. അരിക്കൊമ്പന്റെ സഞ്ചാരം അധികൃതർ നിരീക്ഷിക്കുന്നുണ്ട്.

പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കാടിന്‍റെയും നാടിന്‍റെയും പലഭാഗങ്ങളിലായി കറങ്ങി നടക്കുകയാണ് ഇപ്പോൾ. മുല്ലക്കൊടി മേദകാനം ഭാഗത്താണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. പിന്നീട് മംഗളദേവി വഴി തമിഴ്നാടിന്‍റെ അതിര്‍ത്തി മേഖലയില്‍ കൊമ്പനെത്തി.

മേഘമലയിലെ ഹൈവേസ് ഡാം, മണലാര്‍ എസ്റ്റേറ്റ്, ഇറവങ്കലാര്‍ എസ്റ്റേറ്റ്, തമിഴന്‍കാട് വനം എന്നിവിടങ്ങളിൽ കുറച്ചുനാൾ അലഞ്ഞുനടന്നു. പിന്നീട് പെരിയാര്‍ മുല്ലക്കൊടിയില്‍ മടങ്ങിയെത്തി. കുമളി ടൗണിന് അടുത്തുള്ള റോസാപ്പൂക്കണ്ടം, തേക്കടി വനമേഖല എന്നിവിടങ്ങള്‍ പിന്നിട്ട്, തമിഴ്നാട് വനാതിര്‍ത്തി കടന്ന് ലോവര്‍ ക്യാംപിലെത്തി. അവിടെനിന്നാണ് കമ്പം ടൗണിലേക്കെത്തിയത്.

അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടാനുള്ള ശ്രമത്തിലാണ് തമിഴ്നാട് സർക്കാർ. ആനയെ മേഘമല കടുവാ സങ്കേതത്തിനുള്ളിൽ വിടാൻ സർക്കാർ ഉത്തരവിട്ടു. ദൗത്യത്തിനായി ആനമലയിൽനിന്നു 3 കുങ്കിയാനകളെ എത്തിക്കും. കമ്പം മേഖലയിൽ അതീവജാഗ്രതാ നിർദേശമുണ്ട്.

കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതു ലംഘിച്ച 20 പേർക്കെതിരെ കേസെടുത്തു. ആനയെ പിടികൂടാൻ എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു.

English Summary: Arikomban in Tamilnadu, Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com