ഉത്തരകൊറിയയിൽ വിശ്വാസികളെ വധശിക്ഷയ്ക്ക് വിധിക്കുന്നു; കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് തടവ്
Mail This Article
വാഷിങ്ടൻ ∙ ഉത്തരകൊറിയയിൽ ബൈബിളുമായി പിടിയിലായ ക്രിസ്തുമത വിശ്വാസികളെ വധശിക്ഷയ്ക്ക് വിധിക്കുന്നതായി റിപ്പോർട്ട്. പിടിയിലായവരുടെ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് ജീവപര്യന്തം തടവുശിക്ഷയും ലഭിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു.
സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ 2022ലെ രാജ്യാന്തര മതസ്വാതന്ത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. 70,000 ക്രിസ്തുമത വിശ്വാസികളാണ്, കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയിൽ ജയിലിൽ കഴിയുന്നത്. മറ്റ് മതത്തിൽപ്പെട്ടവരും തടവിലുണ്ട്. രണ്ടു വയസ്സുകാരനായ കുട്ടിയും ഇത്തരത്തിൽ ശിക്ഷിക്കപ്പെട്ടതായുള്ള വിവരമാണ് പുറത്ത് വരുന്നത്.
മാതാപിതാക്കളുടെ കൈവശം ബൈബിൾ കണ്ടെത്തിയതിനെ തുടർന്ന് 2009-ൽ രണ്ട് വയസ്സുകാരനുൾപ്പെടെയുള്ള മുഴുവൻ കുടുംബാംഗങ്ങളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇത്തരത്തിൽ തടവിലാക്കപ്പെട്ട ക്രിസ്തുമത വിശ്വാസികൾക്ക് വിവിധ തരത്തിലുള്ള ശാരീരിക പീഡനങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്.
മതപരമായ ആചാരങ്ങളിൽ ഏർപ്പെടുന്ന, മതപരമായ വസ്തുക്കൾ കൈവശം വയ്ക്കുന്ന, മതവുമായി സമ്പർക്കം പുലർത്തുന്ന വ്യക്തികളെ ഉത്തരകൊറിയൻ സർക്കാർ പീഡിപ്പിക്കുന്നുവെന്നാണ് ഉത്തര കൊറിയയിലെ ‘കൊറിയ ഫ്യൂച്ചർ’ എന്ന സംഘടനയുടെ റിപ്പോർട്ട് ഉദ്ധരിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് പറയുന്നത്. പിടിക്കപ്പെടുന്നവരെ അറസ്റ്റ് ചെയ്യുക, തടവിൽ വയ്ക്കുക, നിർബന്ധിത ജോലിക്ക് വിധേയരാക്കുക, ശാരീരികമായി ഉപദ്രവിക്കുക, വിചാരണ നിഷേധിക്കുക, നാടുകടത്തുക, ലൈംഗിക അതിക്രമത്തിന് വിധേയരാകുക തുടങ്ങിയവയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം.
2021 ഡിസംബറിൽ മതവിശ്വാസത്തിന്‍റെ പേരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉത്തരകൊറിയയിൽ ഉണ്ടാകുന്നതായി കൊറിയ ഫ്യൂച്ചർ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ പീഡനത്തിനിരയായ 151 ക്രിസ്തുമത വിശ്വാസികളായ സ്ത്രീകളുമായി നടത്തിയ അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. തടങ്കൽ, ശാരീരിക പീഡനം, നാടുകടത്തൽ, നിർബന്ധിത തൊഴിൽ, ലൈംഗികാതിക്രമം എന്നിവയാണ് ഇവർക്കെതിരെ നടക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
English Summary: North Korea Jailed 2-Year-Old For Life After Catching Parents With Bible