തിരുവനന്തപുരം/കൊച്ചി∙ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്നാരോപിച്ച് മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിർകക്ഷകളാക്കി ലോകായുക്തയിൽ ഫയൽ ചെയ്ത ഹർജി മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരനായ ആർ.എസ്.ശശികുമാർ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേനയാണ് ഹർജി സമർപ്പിച്ചത്.
മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളിൽ ഇടപെടുന്നതിനുള്ള അധികാരം സംബന്ധിച്ച് ലോകായുക്തയ്ക്കും ഉപലോകയുക്തയ്ക്കും വ്യത്യസ്ത അഭിപ്രായമാണെന്ന കാരണം കണ്ടെത്തി കേസ് ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിനു വിട്ട നടപടി ചോദ്യം ചെയ്താണ് ഹർജി.
ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തി, ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വാദം കേട്ട ശേഷം പരാതിയിൽ വിശദമായി അന്വേഷണത്തിന് ഉത്തരവിട്ടതായതിനാൽ വിഷയം വീണ്ടും അന്വേഷണത്തിന് മൂന്നംഗ ബെഞ്ചിന് വിടുന്നത് ലോകായുക്ത നിയമത്തിന് വിരുദ്ധമാണെന്നും, ലോകായുക്തയുടെ നിലപാട് നിയമ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും ഹർജിയിൽ ആരോപിക്കുന്നു
അതിനാൽ വാദം കേട്ട ലോകായുക്ത ഡിവിഷൻബെഞ്ച് തന്നെ ഹർജിയിൽ ഉത്തരവ് പറയാൻ നിർദ്ദേശം നൽകണമെന്നു ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.
English Summary: Petition in High Court Against Lokayukta Decision in Relief Fund Case