ADVERTISEMENT

ലണ്ടൻ ∙ റഷ്യയ്ക്കെതിരെ തിരിച്ചടിക്ക് യുക്രെയ്ൻ തയാറാണെന്ന് യുക്രെയ്ൻ നാഷനൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ സെക്രട്ടറി ഒലെക്സി ഡനിലോവ്. റഷ്യ പിടിച്ചെടുത്ത സ്ഥലങ്ങൾ തിരികെപ്പിടിക്കാൻ ആക്രമണം ഉടൻ തന്നെ ആരംഭിക്കാൻ സാധിക്കും. തീരുമാനങ്ങളിൽ തെറ്റുവരുത്താൻ സാധിക്കില്ല. കാരണം, ഞങ്ങൾക്ക് പരാജയപ്പെടാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് തിരിച്ചടി ഉറപ്പായെന്ന് ഡനിലോവ് പറഞ്ഞത്. ‘‘റഷ്യയുടെ സ്വകാര്യ സൈന്യമായ വാഗ്നർ ഗ്രൂപ്പ് ബാഖ്മുതിൽനിന്നു പിൻവാങ്ങാൻ തുടങ്ങി. ഏറ്റവും രക്തരൂഷിതമായ യുദ്ധം നടന്ന സ്ഥലമാണ് ബാഖ്മുത്. എന്നാൽ വാഗ്നർ ഗ്രൂപ്പ് യുദ്ധം ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് കരുതുന്നില്ല. അവർ മൂന്ന് സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വീണ്ടും ആക്രമണം നടത്താൻ പദ്ധതിയിടുകയാണ്.

മാസങ്ങൾക്ക് മുൻപ് തന്നെ തിരിച്ചടിക്കാൻ യുക്രെയ്ൻ സൈന്യം തയാറായിരുന്നു. സേനാംഗങ്ങൾക്ക് പരമാവധി പരിശീലനം നൽകുന്നതിനും ആയുധങ്ങൾ എത്തുന്നതിനുമായി കാത്തിരിക്കുകയായിരുന്നു. റഷ്യൻ സൈനിക ബലം തകർക്കാനും യുക്രെയ്ന്റെ ഭൂപ്രദേശം തിരിച്ചുപിടിക്കാനും സാധിക്കുമെന്നു യുക്രെയ്ൻ ജനങ്ങളെയും പാശ്ചാത്യ രാജ്യങ്ങളെയും ബോധിപ്പിക്കേണ്ടതുണ്ട്. ആക്രമണം നടത്തുന്നതിനൊപ്പം പ്രതിരോധ മേഖലയും ശക്തിപ്പെടുത്തണം.

ചരിത്രപരമായ അവസരമാണ് വന്നുചേർന്നിരിക്കുന്നത്. ഞങ്ങൾക്ക് സ്വതന്ത്രമായ യൂറോപ്യൻ രാജ്യമായി മാറണം. ഫെബ്രുവരി 24 മുതൽ റഷ്യൻ സൈനിക കേന്ദ്രങ്ങളും ആയുധങ്ങളും തകർക്കുന്നത് യുക്രെയ്ന്റെ ലക്ഷ്യമാണ്. എന്നാൽ അത് പ്രത്യാക്രമണമായി കണക്കാക്കാൻ സാധിക്കില്ല’’.– ഡനിലോവ് പറഞ്ഞു. ബെലാറൂസിൽനിന്നും ആണവായുധം പ്രയോഗിക്കാൻ റഷ്യ പദ്ധതിയിടുന്ന കാര്യത്തെക്കുറിച്ച് ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല.    

യുക്രെയ്ന്റെ കിഴക്കൻ പട്ടണമായ ബാഖ്‌മുത് കനത്ത പോരാട്ടത്തിൽ പിടിച്ചെടുത്തതായി റഷ്യ അവകാശവാദം ഉന്നയിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റെ സ്വകാര്യ സൈന്യം വാഗ്നർ ഗ്രൂപ്പാണ് പട്ടണം പിടിച്ചെടുത്തത്. വാഗ്നർ മേധാവി യെ‌വ്‌ഗെനി പ്രിഗോഷി റഷ്യൻ പതാകയുമേന്തി സേനയോടൊപ്പം ബാഖ്‌മുതിൽ നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ഏറെനാളായി ബാഖ്മുതിനായി റഷ്യ പോരാട്ടത്തിലാണ്. ഈ പോരാട്ടം കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. യുദ്ധം ആരംഭിക്കുന്നതിനുമുൻപ് ബാഖ്‌മുതിൽ 80,000ൽ പരം ജനങ്ങൾ താമസിച്ചിരുന്നു. നിലവിൽ ആരും അവിടെ താമസമില്ല.

English Summary: Ukraine counter-offensive ready to begin: Oleksiy Danilov

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com