ADVERTISEMENT

തിരുവനന്തപുരം∙ പ്രധാനമന്ത്രി രാഷ്ട്രപതിയേയും ഭരണഘടനയേയും പിന്തള്ളി രാഷ്ട്രത്തിന്‍റെ പരമോന്നത പദവിയിൽ സ്വയം അവരോധിതനാകുന്നത് അപകടകരമാണെന്ന് മന്ത്രി എം.ബി രാജേഷ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച സന്ദേശത്തിലാണ് മന്ത്രി പ്രധാനമന്ത്രിക്കെതിരെ രംഗത്തു വന്നത്. രാഷ്ട്രം എന്നാൽ മോദി, മോദി എന്നാൽ രാഷ്ട്രം എന്ന, പഴയ അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന അടിമവാക്യം പ്രതീകങ്ങളിലൂടെ അടിച്ചേൽപ്പിക്കുകയാണിപ്പോൾ. പാർലമെന്റ് മന്ദിരം മാത്രമല്ല ഉദ്ഘാടനം ചെയ്യപ്പെടുന്നത്;  നിർമിത ചരിത്രം കൂടിയാണെന്നും രാജേഷ് വ്യക്തമാക്കുന്നു.

 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

ഇന്ന് മെയ് 28. സവർക്കർ ജന്മദിനം. 

ആധുനിക ഇന്ത്യക്കു മേൽ ഇന്നൊരു ചെങ്കോൽ പ്രതിഷ്ഠിക്കപ്പെടുന്നു. അലഹബാദിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ചെങ്കോൽ അമിത് ഷാ മാറാല തുടച്ചെടുത്തത് തമിഴ്നാട്ടിലെ ശൈവ സന്യാസി നരേന്ദ്ര മോദിക്ക് കൈമാറിക്കഴിഞ്ഞിരിക്കയാണല്ലോ.  അതിനി പുതിയ പാർലമെന്റ് മന്ദിരത്തിലെ അധ്യക്ഷപീഠത്തെ അലങ്കരിക്കുമെന്നാണ് വാർത്തകൾ. വാട്സാപ് യൂണിവേഴ്സിറ്റിയിൽ പാകം ചെയ്തെടുത്ത, ചരിത്ര പിൻബലം ഒട്ടുമേയില്ലാത്ത 'ചെങ്കോൽ  ചരിത'ത്തിന്റെ  ആധികാരികതയും വിശ്വാസ്യതയും ഏതാനും മണിക്കൂറുകൾക്കകം തന്നെ പൊളിച്ചടുക്കലിന് വിധേയമായി കഴിഞ്ഞതായതിനാൽ അത് വിശദീകരിക്കാനല്ല ഇവിടെ സമയം പാഴാക്കുന്നത്. ചെങ്കോലേന്തിയ പ്രധാനമന്ത്രി ഭരണഘടന പ്രകാരം രാഷ്ട്രത്തിന്റെയും പാർലമെന്റിന്റെ ഇരുസഭകളുടെയും തലവനായ രാഷ്ട്രപതിയെയും ഭരണഘടനയെയും പിന്തള്ളി രാഷ്ട്രത്തിന്റെ പരമോന്നത പദവിയിൽ സ്വയം അവരോധിതനാകുന്നതിന്റെ അപകടകരമായ രാഷ്ട്രീയ ധ്വനികളാണ് ഈ കുറിപ്പിന്റെ വിഷയം. 

രാഷ്ട്രപതിക്ക് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിലോ ഇപ്പോൾ ഉദ്ഘാടനത്തിലോ ഇടമേയില്ല. രാജ്യസഭയുടെ അധ്യക്ഷനായ ഉപരാഷ്ട്രപതിക്കും ഉദ്ഘാടന ചടങ്ങിൽ സ്ഥാനമില്ല. നരേന്ദ്രമോദി മാത്രം. സർവം മോദിമയം. രാഷ്ട്രം എന്നാൽ മോദി, മോദി എന്നാൽ രാഷ്ട്രം എന്ന, പഴയ അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന അടിമവാക്യം പ്രതീകങ്ങളിലൂടെ അടിച്ചേൽപ്പിക്കുകയാണിപ്പോൾ. 

അമിത് ഷായും മോദിയും കൂടി ചരിത്രത്തിൽനിന്ന് തപ്പിപ്പിടിച്ച് കൊണ്ടുവരുന്ന ചെങ്കോലിനാവട്ടെ, വർത്തമാന കാല ഇന്ത്യയുടെ പാർലമെന്റിലെത്തുമ്പോൾ സംഭവിക്കുന്ന അർഥവ്യത്യാസം പ്രധാനമാണ്. രാജാധികാരത്തിന്റെ പ്രതീകമായിരുന്ന ചെങ്കോൽ 2014നു ശേഷമുള്ള പുതിയ ഇന്ത്യയിലേക്കിറങ്ങി വരുന്നത് ഒരു മ്യൂസിയം പീസായിട്ടല്ല; ജനാധിപത്യത്തിനു മേൽ പതിക്കുന്ന ഫാസിസത്തിന്റെ അധികാര ദണ്ഡായിട്ടാണ്.

അമിത് ഷാ ചെങ്കോൽക്കഥ മെനഞ്ഞത് 'അധികാര കൈമാറ്റ' ത്തിന്റെ ചടങ്ങ് എന്ന് അവകാശപ്പെട്ടാണ്. സ്വാതന്ത്ര്യ സമരത്തിൽ എന്തെങ്കിലും പങ്കുവഹിച്ചു എന്ന ആരോപണം ഇന്നുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത സംഘപരിവാറിന് സ്വതന്ത്ര്യമെന്നാൽ 'അധികാര കൈമാറ്റത്തിന്റെ കേവലമൊരു ചടങ്ങ്' മാത്രമാകുന്നതിൽ അതിശയിക്കാനൊന്നുമില്ല. എന്നാൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനും ജനകോടികൾക്കും സ്വാതന്ത്ര്യമെന്നാൽ ഓരോ ഭാരതീയന്റേയും രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ വിമോചനം എന്നായിരുന്നു അർത്ഥം.

ആ വിമോചന സ്വപ്നം സാക്ഷാത്കരിക്കാൻ ഇന്ത്യയിലെ ജനകോടികൾ ശ്രമിച്ചത് സ്വാതന്ത്ര്യവും നീതിയും സമത്വവും സാഹോദര്യവും ഉറപ്പുനൽകിയ ഭരണഘടന നിർമിച്ചുകൊണ്ടാണ്. സ്വതന്ത്ര ഇന്ത്യയിൽ ജനങ്ങളെ പരമാധികാരികളാക്കി എന്നതാണ് ഭരണഘടന ചെയ്തത്. ജനങ്ങളുടെ പരമാധികാരം മാനിക്കുന്നുവെങ്കിൽ പുതിയ പാർലമെന്റിന്റെ അധ്യക്ഷപീഠത്തിൽ പ്രതിഷ്ഠിക്കേണ്ടത് We the People എന്നു തുടങ്ങുന്ന ഭരണഘടനയുടെ വിഖ്യാതമായ ആമുഖമാണ്; ചെങ്കോലല്ല. 

നീതി ഉറപ്പു നൽകുന്ന ഭരണഘടനക്കു പകരം രാജവാഴ്ചയുടെ അധികാരദണ്ഡായ ചെങ്കോൽ സ്ഥാപിക്കപ്പെടുന്ന ദിവസം ലോകത്തിനു മുന്നിൽ ദേശീയ അഭിമാനവും യശസ്സുമുയർത്തിയ ഗുസ്തി താരങ്ങൾക്ക് നീതി തേടി തെരുവിൽ ഇറങ്ങേണ്ടി വരുന്നത് 'പുതിയ ഇന്ത്യ' യുടെ പരിണാമത്തെ കുറിക്കുന്നുണ്ട്. പ്രൗഢമായ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് ഗർവിഷ്ഠമായ അധികാരത്തിന്റെയും തടിമിടുക്കിന്റെയും ശരീരഭാഷയുമായി ഇന്ന് കടന്നു ചെല്ലുന്നയാളാണ് കുറ്റാരോപിതൻ എന്നത് 'പുതിയ ഇന്ത്യ'യുടെ മകുടോദാഹരണമായി മാറുന്നു.

1947ൽ മറുപുറത്തെ പാക്കിസ്ഥാനൊപ്പം ഇപ്പുറത്തെ ഹിന്ദു രാഷ്ട്രത്തിലേക്ക് ചുളുവിൽ 'അധികാര കൈമാറ്റം'  ഒപ്പിക്കാമെന്ന,  സഫലമാകാതെ പോയ മോഹത്തിന്റെ പൂർത്തീകരണത്തിന് ശ്രമിക്കുന്നതിനാലാണ് സംഘപരിവാർ ഭരണഘടനയ്ക്ക് പകരം ചെങ്കോൽ പരതി പോയത്. ആ ചെങ്കോലിന്റെ സന്ദേശം ഭരണഘടനാ മൂല്യങ്ങൾക്കും മതനിരപേക്ഷ- ജനാധിപത്യ ഇന്ത്യക്കും മേൽ പതിക്കുന്ന ഫാഷിസ്റ്റ്  മതരാഷ്ട്രത്തിന്റേതല്ലെങ്കിൽ മറ്റെന്താണ്?

പുതിയ പാർലമെന്റ് മന്ദിരത്തിനു മുകളിൽ സ്ഥാപിച്ചിട്ടുള്ള പുതിയ അശോകസ്തംഭത്തിലെ സിംഹങ്ങളുടെ ഭാവ വ്യത്യാസവും ഇതോടൊപ്പം ചേർത്ത് വായിക്കാം. സാരാനാഥിലെ പഴയ അശോകസ്തംഭത്തെ അലങ്കരിച്ചിരുന്ന ശാന്തോദാര ഭാവത്തിലുള്ള സിംഹങ്ങളുടെ സ്ഥാനത്ത് കോമ്പല്ലുകൾ പുറത്തു കാട്ടി ഹിംസാത്മക ഭാവത്തോടെ ഭയപ്പെടുത്തുന്ന സിംഹരൂപങ്ങളുടെ ആവിഷ്കാരവും യാദൃശ്ചികമല്ല. ബലപ്രയോഗത്തിന്റെയും ഹിംസയുടെയും ഫാഷിസ്റ്റ് യുക്തികൾക്കിണങ്ങുന്ന പ്രതീകങ്ങളുടെ തിരഞ്ഞെടുപ്പ് ബോധപൂർവമാണ്. ആ പ്രതീകങ്ങളിലൂടെ അക്രമാസക്തമാംവിധം പുനർനിർണയിക്കപ്പെടുന്നത് രാജ്യത്തിന്റെ സ്വഭാവവും മൂല്യങ്ങളുമാണ്. യജ്ഞവും യാഗവും ഹോമവുമായി നടക്കുന്ന പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങും ശാസ്ത്രബോധം വളർത്തുകയെന്ന ഭരണഘടനയുടെ മൗലിക കടമയും തമ്മിൽ എന്തു ബന്ധം ?

പാർലമെന്റ് മന്ദിരം മാത്രമല്ല ഉദ്ഘാടനം ചെയ്യപ്പെടുന്നത്; നിർമിത ചരിത്രം കൂടിയാണ്. പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഗാന്ധിജിയുടെ ചിത്രത്തിന് എതിർവശത്ത് നേർരേഖയിൽ തന്നെ ഗാന്ധിജിയുടെ രാഷ്ട്രവീക്ഷണത്തിന്‌ നേർ വിപരീതമായ രാഷ്ട്ര വീക്ഷണത്തിന്റെ വക്താവായ സവർക്കറുടെ ചിത്രം പ്രതിഷ്ഠിച്ചിട്ടും സംഘപരിവാറിന് താങ്ങാനാവാത്ത ചരിത്രത്തിന്റെ 'ബാധ'  ഒഴിപ്പിക്കാനുള്ള എളുപ്പ വഴി കൂടിയാണ് പുതിയ പാർലമെന്റ് മന്ദിരവും അതിനൊപ്പം സൃഷ്ടിക്കുന്ന നിർമിത ചരിത്രവും. ഭരണഘടനാ  നിർമാണത്തിന്റെ മഹത്തായ സംവാദങ്ങൾക്ക് വേദിയായ, ലോകം മുഴുവൻ ഉറങ്ങുമ്പോൾ ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കും  ജീവിതത്തിലേക്കും വരവേറ്റ നെഹ്റുവിന്റെ വാക്കുകൾ അലയടിച്ച, ബ്രിട്ടീഷ് അധികാര ഗർവിന്റെ ബധിര കർണങ്ങളിൽ വിസ്ഫോടനം തീർത്ത ഭഗത് സിംഗിന്റെ ബോംബേറിന് വേദിയായ, ചരിത്രത്തിലെ ഉജ്ജ്വലമായ അനേകം മുഹൂർത്തങ്ങൾക്ക് സാക്ഷിയായ സെൻട്രൽ ഹാൾ പ്രതീകവൽക്കരിക്കുന്ന മഹത്തായ ദേശീയ പ്രസ്ഥാനത്തിലേക്ക് നുഴഞ്ഞുകയറാൻ ഗാന്ധി വധക്കേസിലെ പ്രതികളിൽ ഒരാളുടെ ചിത്രം കൊണ്ട് മാത്രം കഴിയാതെ വന്നാൽ എന്ത് ചെയ്യും? ചരിത്രത്തെ കണ്ടംതുണ്ടമായി വെട്ടിമാറ്റി ഇടമുണ്ടാക്കി നോക്കിയിട്ടും അവിടെ കയറിപ്പറ്റാനാവുന്നില്ലെങ്കിലോ?  വ്യാജമായി ഒരു സമാന്തര ചരിത്രം തന്നെയങ്ങ് നിർമിക്കുക. എന്നിട്ട് ആ ചരിത്രത്തിന്റെ കണ്ണാടിക്കൂട്ടിൽ ഒരു സ്വർണ്ണ ചെങ്കോലും സംഘടിപ്പിച്ച്  കയറിയങ്ങ് നിൽക്കുക തന്നെ. 

പുതിയ പാർലമെന്റ് മന്ദിരത്തിലുമുണ്ട് ഒരു ഭരണഘടനാ ഹാൾ. യഥാർഥ ഭരണഘടന ഉണ്ടാക്കിയ ചരിത്രപ്രസിദ്ധമായ സെൻട്രൽ ഹാൾ തൊട്ടപ്പുറത്തുള്ളപ്പോൾ  എന്തിനാകും പുതിയൊരു ഭരണഘടനാ ഹാൾ ? മതനിരപേക്ഷ- ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനയ്ക്ക് പകരം മതാധിഷ്ഠിത രാഷ്ട്രത്തിന്റെ പുതിയ ഭരണഘടന നിർമിക്കാനുള്ള ദീർഘവീക്ഷണമല്ലെന്ന് സംശയിക്കാതിരിക്കാൻ ഇന്നത്തെ ഇന്ത്യയിൽ എങ്ങനെ കഴിയും? പുതിയ പൗരത്വ നിയമം, മതാധിഷ്ഠിതമായ പുതിയ രാഷ്ട്ര സങ്കൽപം,  പുതിയ പാർലമെന്റ്,  പുതിയ ഭരണഘടനാ  ഹാൾ, പുതിയ ഭരണഘടന, പുതിയ നിർമിത ചരിത്രം, പുതിയ സ്ഥലനാമങ്ങൾ, സർവോപരി,  സവർക്കർ ജന്മദിനത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും.

അവിടെ മിനുക്കിയെടുത്ത പുതിയ അധികാര ദണ്ഡുമായി ഒരൊറ്റ പരമോന്നത നേതാവ്. ചെങ്കോലായി. ഇനി കിരീടധാരണം കൂടിയായാൽ എല്ലാമായി. ചേരുവകളും രൂപരേഖയും ഇനിയും മനസ്സിലാകാത്തവർ അത്രമേൽ നിഷ്കളങ്കരായിരിക്കണം. അമൃത കാലത്തിൽ നിന്ന് ജനാധിപത്യത്തിന്റെ (അ)മൃതകാലത്തിലേക്കുള്ള പ്രയാണത്തിന്റെ പുതുചരിത്രം ആരംഭിച്ചിരിക്കുന്നു. ആ കാലത്തെ പാർലമെന്റിനു മുകളിൽ രൗദ്രഭാവം പൂണ്ടുനിൽക്കുന്ന സിംഹങ്ങളും പാർലമെന്റിനകത്ത് ഫാഷിസ്റ്റ് അധികാര ഗർവിന്റെ ചെങ്കോലും തെരുവിൽ ദണ്ഡയും ശൂലവും ഏന്തിയ സ്വയംസേവകരും അടയാളപ്പെടുത്തും.

English Summary:  'Parliament building is not the only one being inaugurated; It is also made up history.'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT