കോങ്ങാട് (പാലക്കാട്) ∙ പ്രശസ്ത സംഗീത സംവിധായകൻ പാറശ്ശേരി പെരുന്തലക്കാട്ടു മനയ്ക്കൽ പി.കെ.കേശവൻ നമ്പൂതിരി (84) അന്തരിച്ചു. നിരവധി ഭക്തിഗാന ആൽബങ്ങളുടെ സംഗീത സംവിധായകനാണ്. ജയചന്ദ്രൻ ആലപിച്ച പുഷ്പാഞ്ജലി, ശരണമഞ്ജരി, രുദ്രാക്ഷമാല എന്നീ ആൽബങ്ങളും യേശുദാസ് ആലപിച്ച വനമാല എന്ന ആൽബവും ഏറെ പ്രശസ്തമാണ്.
പാലക്കാട് മ്യൂസിക് അക്കാദമിയിൽനിന്ന് ഗാനഭൂഷണം നേടിയശേഷം കേശവൻ നമ്പൂതിരി, സംഗീതഞ്ജൻ ഡോ. ബാലമുരളീകൃഷ്ണയുടെ കീഴിൽ ഉപരിപഠനം നടത്തി. തുടർന്ന് ആകാശവാണി കോഴിക്കോട്, തൃശൂർ നിലയങ്ങളിൽ സേവനമനുഷ്ഠിച്ചു.
തൈക്കാട്ടുമൂസ് കുടുംബത്തിലെ അംഗമാണ് ഭാര്യ ഡോ. നിർമലാദേവി. മക്കൾ: സച്ചിൻ (ബെംഗളൂരു), സീന (അമേരിക്ക). മരുമക്കൾ: ശ്രീപ്രിയ, ബിമൽ.
English Summary: Music Director P.K. Kesavan Namboothiri passed away