ചേര്‍ത്തല∙ പത്തു വയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ അര്‍ത്തുങ്കല്‍ കാക്കരിയില്‍ പൊന്നന്(തോമസ്-57) 17 വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അര്‍ത്തുങ്കല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിൽ ചേര്‍ത്തല പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പോക്‌സോ കോടതി ജഡ്ജി കെ.എം.വാണിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.
വിവിധ വകുപ്പുകളിലായാണ് തടവും പിഴയും. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കാനും വിധിയായി. പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2020ല്‍ അമ്മയെ അന്വേഷിച്ച് അയല്‍വീട്ടിലേക്കു ചെന്ന 10 വയസ്സുകാരിക്കു നേരേയാണ് പ്രതി അതിക്രമം നടത്തിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ പ്രതി പിന്തുടര്‍ന്ന് അതിക്രമം നടത്തുകയായിരുന്നു.
അര്‍ത്തുങ്കല്‍ സ്‌റ്റേഷന്‍ ഓഫിസര്‍മാരായിരുന്ന ടോള്‍സണ്‍ പി.ജോസഫ്, അല്‍ ജബാര്‍, ആലപ്പുഴ വനിതാ സ്റ്റേഷന്‍ എസ്ഐ ആയിരുന്ന ജെ.ശ്രീദേവി, സീനിയര്‍ സിപിഒ ലിസ്സി എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ ടി.ബീന ഹാജരായി.
English Summary: 17 years imprisonment for 57 year old man in POCSO case