ADVERTISEMENT

ഇംഫാൽ∙ സംഘർഷാവസ്ഥ തുടരുന്ന മണിപ്പുരിൽ മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നെത്തും. മുഖ്യമന്ത്രി ബിരേൻസിങ്ങുമായും സുരക്ഷ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി സാഹചര്യങ്ങൾ വിലയിരുത്തും. കഴിഞ്ഞ വ്യാഴാഴ്ച, സമാധാനം നിലനിർത്താൻ മണിപ്പുരിലെ ജനങ്ങളോട് അഭ്യർഥിച്ച അമിത് ഷാ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ശനിയാഴ്ച മണിപ്പുരിലെത്തി ക്രമസമാധാന നില വിലയിരുത്തിയിരുന്നു.

അതിനിടെ, ഇന്നലെയുണ്ടായ അക്രമത്തിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരുക്കേറ്റു. പലയിടങ്ങളിലും വെടിവയ്പ്പുണ്ടായി. സംഘർഷം സായുധ കലാപത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയുണ്ട്. ചില ഗോത്രവർഗ സംഘങ്ങൾ അത്യാധുനിക ആയുധങ്ങളുമായി വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതായാണ് സർക്കാർ വിലയിരുത്തൽ. അക്രമം കൂടുതൽ രൂക്ഷമാകാതിരിക്കാൻ പല മേഖലകളിലും കർഫ്യൂവും ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ, മണിപ്പുർ പൊലീസിന്റെ കമാൻഡോ വിഭാഗവും കുക്കി ഗോത്രവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 40 പേർ കൊല്ലപ്പെട്ടതായും കൊല്ലപ്പെട്ടവർ ഭീകരപ്രവർത്തകരാണെന്നും ബിരേൻസിങ് പറഞ്ഞിരുന്നു. എം16, എകെ47, സ്നൈപ്പർ തോക്കുകൾ എന്നിവ പിടിച്ചെടുത്തതായും മുഖ്യമന്ത്രി ബിരേൻസിങ് പറഞ്ഞു. എന്നാൽ വ്യാജഏറ്റുമുട്ടലിലൂടെയാണു കൊലപാതകമെന്നു കുക്കി ഗോത്രസംഘടനകൾ ആരോപിച്ചു. ഗ്രാമങ്ങൾക്കു കാവൽനിന്നവരെ അർധരാത്രിക്കുശേഷം മണിപ്പുർ കമാൻഡോകൾ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു. മണിപ്പുർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് സംഘം അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ നാളെ രാഷ്ട്രപതി ദൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തും.

ഈ മാസം 3,4 തീയതികളിലായി മെയ്തെയ് വിഭാഗവും കുക്കി ഗോത്രവും തമ്മിലുണ്ടായ വംശീയകലാപത്തിൽ 75 പേരാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മുതൽ കലാപം വീണ്ടും ശക്തിപ്രാപിച്ചു തു‌ടങ്ങിയിരുന്നു. ഇതോടെ ആകെ മരണം 115 കവിഞ്ഞു. മണിപ്പുരിന്റെ പല ഭാഗങ്ങളിലും വെടിവയ്പ് തുടരുകയാണ്. ഒട്ടേറെ വീടുകളും ഗ്രാമങ്ങളും അഗ്നിക്കിരയാക്കി. കഴിഞ്ഞ ദിവസം പുലർച്ചെ ഇംഫാൽ താഴ്‌വരയോടു ചേർന്നുള്ള സെക്മായി, സുഗ്ണു, കുംബി, പയേങ്, സെറോ എന്നിവിടങ്ങളിൽ കുക്കി ഭീകരസംഘടനകൾ ആക്രമണം നടത്തിയതായി പൊലീസ് പറഞ്ഞു. സെക്മായി ഒഴികെ മറ്റിടങ്ങളിൽ വെടിവയ്പുതുടരുകയാണ്. റോഡുകളിലും മറ്റും മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണെന്നു റിപ്പോർട്ടുണ്ട്.

English Summary: Amit Shah to embark on his 3-day visit to violence-hit Manipur today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com