നീലേശ്വരം (കാസർകോട്) ∙ പാർട്ടിഗ്രാമത്തിലെ റോഡ് കേസിനെച്ചൊല്ലി ജൂനിയർ അഭിഭാഷകയുടെ കരണത്തടിച്ച സീനിയർ അഭിഭാഷകയെ സിപിഎം അംഗത്വത്തിൽനിന്ന് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. വൈനിങ്ങാൽ ബ്രാഞ്ച് അംഗവും ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകയുമായ എം.ആശാലതയ്ക്കാണ് സസ്പെൻഷൻ.
മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നീലേശ്വരം ഏരിയ കമ്മിറ്റി അംഗവുമായ വി.പ്രകാശന്റെ ഭാര്യയാണ് ആശാലത. സിപിഎം തെക്കൻ ബങ്കളം ബ്രാഞ്ച് അംഗമായ ജൂനിയർ അഭിഭാഷകയെയാണ് ഇവർ കരണത്തടിച്ചത്. നടപടിയില്ലെങ്കിൽ പാർട്ടി അംഗത്വം രാജിവയ്ക്കുമെന്നു ചൂണ്ടിക്കാട്ടി ജൂനിയർ അഭിഭാഷക ബ്രാഞ്ച് കമ്മിറ്റിക്കു പരാതി നൽകിയതോടെയാണു വിഷയം ചൂടുപിടിച്ചത്. പിന്നാലെ ഹൊസ്ദുർഗ് ബാർ അസോസിയേഷനിലും പരാതി നൽകി. പരാതിയെത്തുടർന്നു സിപിഎം തെക്കൻ ബങ്കളം ബ്രാഞ്ചും മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റിയും അടിയന്തര യോഗം ചേർന്നിരുന്നു.
ശനിയാഴ്ച രാത്രി വൈകി സമാപിച്ച ലോക്കൽ കമ്മിറ്റി യോഗമാണ് സസ്പെൻഷൻ തീരുമാനിച്ചത്. ഇന്നലെ രാവിലെ ചേർന്ന വൈനിങ്ങാൽ ബ്രാഞ്ച് കമ്മിറ്റി യോഗത്തിലും തീരുമാനം റിപ്പോർട്ട് ചെയ്തു. ഹൊസ്ദുർഗ് ബാർ അസോസിയേഷൻ പരാതി അന്വേഷിക്കാൻ നിയോഗിച്ച മൂന്നംഗ കമ്മിഷൻ ജൂൺ 5ന് അകം റിപ്പോർട്ട് നൽകും.
ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം മുൻ പ്രസിഡന്റ് പി.രമാദേവി, അഭിഭാഷകരായ കെ.കെ.രാജേന്ദ്രൻ, ജോൺ തോമസ് എന്നിവരുൾപ്പെട്ട കമ്മിറ്റിക്കാണ് അന്വേഷണച്ചുമതല. ബങ്കളം ദിവ്യംപാറ – കോഴിഫാം റോഡ് നിർമിക്കുന്നതിനെതിരെ ചിലർ കോടതിയിൽനിന്നു സ്റ്റേ വാങ്ങി. സ്റ്റേ നീക്കി റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് രണ്ടു സ്വകാര്യ വ്യക്തികൾ തെക്കൻ ബങ്കളം ബ്രാഞ്ച് കമ്മിറ്റിക്കു നേരത്തേ പരാതി നൽകിയിരുന്നു.
ബ്രാഞ്ച് കമ്മിറ്റി കേസ് നടത്താൻ വൈനിങ്ങാൽ ബ്രാഞ്ച് കമ്മിറ്റി അംഗമായ സീനിയർ അഭിഭാഷകയെ ചുമതലപ്പെടുത്തി. കേസ് തോറ്റതോടെ തെക്കൻ ബങ്കളം ബ്രാഞ്ച് കമ്മിറ്റിക്കു മുന്നിൽ വീണ്ടും പരാതിയെത്തി. പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ബ്രാഞ്ച് അംഗമായ യുവ അഭിഭാഷകയെ നിയോഗിച്ചു. ഹൊസ്ദുർഗ് മുൻസിഫ് കോടതിയിൽ നടന്ന കേസ് തോറ്റത് പാർട്ടി ചുമതലപ്പെടുത്തിയ സീനിയർ അഭിഭാഷക ഹാജരാകാത്തതിനാലാണ് എന്നായിരുന്നു 21നു ചേർന്ന ബ്രാഞ്ച് യോഗത്തിൽ ഇവരുടെ റിപ്പോർട്ട്. ഇതേച്ചൊല്ലി 24നു രാവിലെ സീനിയർ അഭിഭാഷക ഇവർ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് ഹൊസ്ദുർഗിലെ ഓഫിസിൽനിന്നു വിളിച്ചിറക്കി തല്ലിയെന്നാണു പരാതി.
English Summary: CPM suspended senior advocate who beat junior, Kasaragod