ADVERTISEMENT

പട്ന ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥികളെന്ന തന്ത്രം ജൂൺ 12നു പട്നയിൽ ചേരുന്ന വിശാല പ്രതിപക്ഷ നേതൃയോഗത്തിൽ ചർച്ചയാകും. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ മുൻകയ്യെടുത്താണ് യോഗം വിളിച്ചിട്ടുള്ളത്. നിതീഷ് കുമാറുമായി സഹകരിക്കാൻ തയാറുള്ള കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഇടതു കക്ഷികൾ നാലു സംസ്ഥാനങ്ങളിൽ പരസ്പരം മൽസരിക്കാനുള്ള സാധ്യതയാണ് വിശാല പ്രതിപക്ഷ മുന്നണിക്കു വെല്ലുവിളി ഉയർത്തുന്നത്. 

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് – കോൺഗ്രസ് – ഇടതു കക്ഷികളുടെ സീറ്റു ധാരണ കീറാമുട്ടിയാകും. ആം ആദ്മി പാർട്ടി ഭരിക്കുന്ന ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സീറ്റു ധാരണ പ്രായോഗികമല്ലെന്ന വാദമുയരുന്നുണ്ട്. കേരളത്തിൽ ബിജെപിക്കു വിജയസാധ്യത കുറവായതിനാൽ കോൺഗ്രസും ഇടതുകക്ഷികളും തമ്മിലുള്ള സൗഹൃദ മൽസരം ദേശീയ തലത്തിലെ ഐക്യത്തിനു തടസ്സമാകില്ല. 

ബിജെപി വിരുദ്ധ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാരെന്നതും പ്രശ്നമാണ്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിനോട് തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് എതിർപ്പുണ്ട്. നിതീഷ് കുമാറിനെയോ ഏതെങ്കിലും പ്രാദേശിക പാർട്ടി നേതാവിനെയോ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കാൻ കോൺഗ്രസിനും ബുദ്ധിമുട്ടുണ്ടാകും. 

ബിഹാറിലെ മഹാസഖ്യത്തിൽ ഉൾപ്പെട്ട ജെഡിയു, ആർജെഡി, കോൺഗ്രസ്, ഇടതു കക്ഷികൾക്കു പുറമെ ആം ആദ്മി പാർട്ടി, എൻസിപി, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സമാജ്\വാദി പാർട്ടി, ജെഎംഎം, ഐഎൻഎൽഡി തുടങ്ങിയ കക്ഷികളാണ് നിതീഷ് കുമാറിന്റെ ക്ഷണം സ്വീകരിച്ച് വിശാല പ്രതിപക്ഷ നേതൃയോഗത്തിൽ പങ്കെടുക്കുക. 

English Summary: Key Opposition meet likely on June 12 in Patna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com