ADVERTISEMENT

ന്യൂഡൽഹി∙ സമാധാനപരമായി പ്രതിഷേധിച്ചതിനാണ് തങ്ങൾക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തതെന്ന് ഒളിംപിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്ക്. വലിച്ചിഴച്ചാണ് പൊലീസ് ബസുകളിലേക്ക് കയറ്റിയത്. കലാപമുണ്ടാക്കിയിട്ടില്ല. കലാപമുണ്ടാക്കിയെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നുമുള്ള വകുപ്പുകള്‍ ചുമത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നും അവർ ചോദിച്ചു.

‘‘ഇന്നലത്തെ സ്ഥിതി മോശമായിരുന്നു. സമാധാനപരമായി മാർച്ച് ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ അവർ ഞങ്ങളെ അനുവദിച്ചില്ല. ജന്തര്‍ മന്തറിന് നേരെ ബാരിക്കേഡുണ്ടായിരുന്നു. അവർ ഞങ്ങളെ തള്ളിയിടാനും തടയാനും തുടങ്ങി. ബസുകളിലേക്ക് വലിച്ചിഴച്ചു. ഞങ്ങൾ കലാപം നടത്തിയിട്ടില്ല, പൊതുമുതൽ നശിപ്പിച്ചിട്ടില്ല’’– സാക്ഷി കൂട്ടിച്ചേർത്തു. 

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും സംഗീതാ ഫോഗട്ടും പൊലീസ് വാഹനത്തിൽ ചിരിച്ചുകൊണ്ടിരിക്കുന്നുവെന്ന തരത്തിൽ മോർഫ് ചെയ്ത് ചിത്രം പ്രചരിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ‘ഇങ്ങനെ ചെയ്യുന്നവർക്ക് ഒരു നാണക്കേടും ഇല്ല’ എന്ന് അവർ മറുപടി പറഞ്ഞു. ‘‘ദൈവം എങ്ങനെയാണ് ഇത്തരം ആളുകളെ സൃഷ്ടിക്കുന്നത്?. അസ്വസ്ഥരായ പെൺകുട്ടികളുടെ മുഖത്ത് പുഞ്ചിരി ഒട്ടിച്ചുചേർക്കുന്നു. അവർക്ക് ഹൃദയം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. അവർ ഞങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്’’– അവർ കൂട്ടിച്ചേർത്തു.

ലൈംഗികാതിക്രമ പരാതിയിൽ പ്രതിചേർക്കപ്പെട്ട ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന ഗുസ്തി താരങ്ങളെ ഇന്ന് ജന്തര്‍ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ ഡൽഹി പൊലീസ് തടഞ്ഞിരുന്നു. താരങ്ങളുടെ വാഹനം ജന്തര്‍മന്തറിലേക്ക് തിരിയാന്‍ പൊലീസ് അനുവദിച്ചില്ല. 

ഇന്നലെ പുതിയ പാർലമെന്റ് മന്ദിരത്തിനു സമീപം ‘മഹിളാ മഹാപഞ്ചായത്ത്’ നടത്താനൊരുങ്ങിയ ഗുസ്തി താരങ്ങൾക്കെതിരെ കലാപശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഡൽഹി പൊലീസ് കേസെടുത്തത്. ഒളിംപിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, ഏഷ്യൻ ഗെയിംസ് ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത പൊലീസ്, ജന്തർമന്തറിലെ അവരുടെ സമരപ്പന്തലും താമസസൗകര്യങ്ങളും നീക്കം ചെയ്തിരുന്നു. 

English Summary: Olympic medallist Sakshi Malik expresses disappointment in case filed against her, fellow wrestlers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com