ADVERTISEMENT

തിരുവനന്തപുരം ∙ വില്ലേജ് ഓഫിസുകളിൽ ഓൺലൈനായി ഭൂനികുതി സ്വീകരിക്കാനും റവന്യു വകുപ്പുമായി ബന്ധപ്പെട്ട നടപടികളിൽ കക്ഷികൾക്ക് നോട്ടിസ് നൽകാനും മാത്രം ചുമതലപ്പെട്ട വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ (വിഎഫ്എ) ചെയ്യുന്നത് റവന്യു രേഖകൾ നൽകാനുള്ള സ്ഥലപരിശോധന മുതൽ അന്വേഷണം വരെ. വില്ലേജ് ഓഫിസുകളിൽ റവന്യു വകുപ്പ് നടത്തിയ മിന്നൽ പരിശോധനകളിലാണ് ഇക്കാര്യം വ്യക്തമായ‌ത്. എന്നാൽ, വകുപ്പിന് പ്രതികൂലമാകും എന്നതിനാൽ ഇത് പരിശോധനാ റിപ്പോർട്ടിൽ ഉൾപ്പെടുത്തില്ല.

കഴിഞ്ഞ ആഴ്ച പാലക്കാട് പാലക്കയത്തെ വിഎഫ്എയെ വിജിലൻസ് അറസ്റ്റ് ചെയ്തത് ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി കൈക്കൂലി ചോദിച്ചെന്ന പേരിലാണ്. ഇത്തരം അപേക്ഷയിൽ അന്വേഷണം നടത്താൻ ഉത്തരവാദിത്തപ്പെട്ട റവന്യു ഉദ്യോഗസ്ഥരിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ ഉൾപ്പെടില്ല എന്ന് റവന്യു വകുപ്പിനുതന്നെ അറിയാം. അല്ലെങ്കിൽ വില്ലേജ് ഓഫിസർ രേഖാമൂലം ചുമതലപ്പെടുത്തണമെന്നാണ് വില്ലേജ് ഓഫിസ് മാന്വൽ വ്യക്തമാക്കുന്നത്. എന്നാൽ പോലും ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകാൻ വിഎഫ്എയ്ക്ക് അധികാരമില്ല. പിന്നെ ഇയാളുടെ കൈവശം ഫയൽ എങ്ങനെ വന്നു എന്നതിനെക്കുറിച്ച് റവന്യു വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വില്ലേജ് ഓഫിസർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർ ജോലിത്തിരക്കിന്റെ പേരിൽ, വിഎഫ്എമാരെ അവർക്ക് ചുമതല അല്ലാത്ത ജോലിക്കു നിയോഗിക്കുന്നത് പിന്നീട് കൈക്കൂലി ഇടപാടുകളിലേക്കു നയിക്കുന്നതായാണു കണ്ടെത്തൽ. അന്വേഷണത്തിനോ നോട്ടിസ് നൽകാനോ പോകുന്ന വിഎഫ്എ കക്ഷിയെ മൊബൈൽ ഫോണിൽ വിളിച്ച് ബന്ധപ്പെടുന്നതോടെ കൈക്കൂലിക്കുള്ള വാതിൽ തുറക്കുകയായി. നടപടിയുടെ ഗൗരവത്തിന് അനുസരിച്ച് ഫോൺവിളികളിൽ കൈക്കൂലിയുടെ റേഞ്ച് വ്യാപിപ്പിക്കും. വില്ലേജ് ഓഫിസിന് സ്വന്തം വാഹനമില്ലാത്തതിന്റെ പേരിൽ യാത്രാചെലവ്, രേഖകൾ തയാറാക്കാനുള്ള കടലാസും പേനയും മൊട്ടുസൂചിയും ഉൾപ്പെടെ ഉള്ള സ്റ്റേഷനറി തുടങ്ങിയ ആവശ്യങ്ങൾക്കെന്ന പേരിലാണ് മിക്ക ഓഫിസുകളിലും കൈക്കൂലി ചോദിക്കുന്നത്.

kerala-government-secretariat
കേരള സെക്രട്ടേറിയറ്റ് (ഫയൽ ചിത്രം)

പല ഇടപാടുകളും ഓഫിസിലെ മറ്റു ജീവനക്കാർ അറിഞ്ഞാണ്. ഓഫിസിൽനിന്നു രേഖകളും ഓൺലൈനായി ദിവസേന നൂറിൽ പരം സർട്ടിഫിക്കറ്റുകളും നൽകാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ വില്ലേജ് ഓഫിസറാണ്. ഇദ്ദേഹത്തിന് പ്രത്യേക ലോഗിൻ ഐഡിയും രഹസ്യ പാസ്‌വേഡും നൽകിയിട്ടുണ്ട്. എന്നാൽ, ഭൂരിഭാഗം ഓഫിസുകളിലും പാസ്‌വേ‍‍‍ഡ് പങ്കുവച്ച് മറ്റു ജീവനക്കാരുടെ സഹായത്തോടെയാണ് ജോലി ചെയ്യുന്നതെന്നു വ്യക്തമായി. വിഎഫ്എയ്ക്ക് ലോഗിനും പാസ്‌വേഡും ഉണ്ടെങ്കിലും അത് ഓഫിസിൽ എത്തുന്ന ഭൂവുടമകൾക്ക് ഓൺലൈനായി ഭൂനികുതി അടച്ചു നൽകാനാണ്.

പല വില്ലേജ് ഓഫിസർമാരും തിരക്കുള്ള ദിവസങ്ങളിൽ ഔദ്യോഗിക ലാപ്‌ടോപ് വീട്ടിൽ കൊണ്ടുപോയാണ് രാത്രിയിലും ജോലി ചെയ്ത് സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകുന്ന പ്രക്രിയ പൂർത്തിയാക്കുന്നത്. വില്ലേജ് ഓഫിസർ മറ്റൊരു ജില്ലക്കാരനാണെങ്കിൽ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഓഫിസിൽ ഉണ്ടാകാറില്ല. ഈ സമയം സ്പെഷൽ വില്ലേജ് ഓഫിസർ എന്ന യു‍ഡി ക്ലാർക്കിനായിരിക്കും ചുമതല. എന്നാൽ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസർ തന്നെ നൽകണമെന്നാണു വ്യവസ്ഥ. ലൊക്കേഷൻ സർട്ടിഫിക്കറ്റ്, സ്കെച്ച് എന്നിവയിൽ പലപ്പോഴും സ്ഥലത്തെത്തി അന്വേഷണം വേണ്ടി വരും. ഗൗരവമായ പരാതികളിലും മറ്റും ഇതര ജീവനക്കാരോ വില്ലേജ് ഓഫിസറോ നേരിട്ടു പോകും. ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയാമെങ്കിലും ‘ഒളിച്ചുകളി’ നടത്തിയാണ് റവന്യു വകുപ്പിന്റെ പരിശോധന.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജില്ലാ കലക്ടർമാരും ഡപ്യൂട്ടി കലക്ടർമാരും ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ പ്രത്യേക സംഘങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി വില്ലേജ് ഓഫിസുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഫയലുകൾ വച്ചു വൈകിപ്പിച്ചതിനെക്കുറിച്ചാണ് ഏറെയും പരിശോധന നടന്നത്. പിന്നെ ഹാജർ ബുക്ക്, ഫയൽ മൂവ്മെന്റ് റജിസ്റ്റർ, കാഷ്വൽ ലീവ് റജിസ്റ്റർ, കാഷ് ഡിക്ലറേഷൻ റജിസ്റ്റർ തുടങ്ങിയവയും പരിശോധിച്ചു. ഒരു ജില്ലാ കലക്ടർ ഹാജർ ബുക്ക് മാത്രമാണു പരിശോധിച്ചതെന്നും പറയുന്നു. പരിശോധനയുടെ സമഗ്ര റിപ്പോർട്ട് ലാൻഡ് റവന്യു കമ്മിഷണർ ഉടൻ സർക്കാരിനു സമർപ്പിക്കും.

കൈക്കൂലി എന്ന് പരാതി; കേസില്ലെന്ന് പൊലീസ്

തിരുവനന്തപുരത്ത് ശാസ്തമംഗലം വില്ലേജ് ഓഫിസിനു സമീപം പരാതി എഴുതാനിരിക്കുന്ന വ്യക്തി കൈക്കൂലി വാങ്ങുന്നതായി വില്ലേജ് ഓഫിസർ മ്യൂസിയം പൊലീസിൽ പരാതിപ്പെട്ടെങ്കിലും കേസെടുത്തില്ല. വില്ലേജ് ഓഫിസിൽ സമർപ്പിക്കാനായി അപേക്ഷ തയാറാക്കാൻ എത്തിയ വ്യക്തിയിൽനിന്ന് കൈക്കൂലി വാങ്ങിയെന്നാണു പരാതി. അപേക്ഷ തയാറാക്കാൻ എത്തിയ ആൾ ഇതേക്കുറിച്ച് വില്ലേജ് ഓഫിസറോട് ചോദിച്ചിരുന്നു. തുടർന്നാണ് വില്ലേജ് ഓഫിസർ പരാതി നൽകിയത്. കൈക്കൂലി വാങ്ങിയയാൾക്ക് എതിരെയും കൈക്കൂലി നൽകിയ ആൾക്ക് എതിരെയും ആണ് വില്ലേജ് ഓഫിസറുടെ പരാതി. എന്നാൽ, സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ പരാതി ഇല്ലാത്തതിനാൽ കൈക്കൂലി സംബന്ധിച്ച് എങ്ങനെ കേസെടുക്കുമെന്നാണു പൊലീസിന്റെ ചോദ്യം. 

വിഎഫ്എമാർ ഒരേ ഓഫിസിൽ ദീർഘകാലം

സംസ്ഥാനത്തെ 1666 വില്ലേജുകൾ ഉള്ളതിൽ 2 വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ (വിഎഫ്എ) വീതമാണു സാധാരണ ഉണ്ടാവുക. 1666 വില്ലേജുകൾ ഉണ്ടെങ്കിലും ഇവയിൽ ചിലത് ഗ്രൂപ്പ് വില്ലേജുകൾ ആയതിനാൽ വില്ലേജ് ഓഫിസുകൾ 1542 എണ്ണമേ ഉള്ളൂ. പാർട്‌ ടൈം സ്വീപ്പർ കഴിഞ്ഞാൽ ഏറ്റവും താഴ്ന്ന തസ്തികയാണ് വിഎഫ്എ. ഇതിനു തുല്യമായ തസ്തിക മറ്റ് റവന്യു ഓഫിസുകളിൽ ഇല്ലാത്തതിനാൽ ഇവർ വില്ലേജ് ഓഫിസുകളിൽ തുടരും. ദീർഘകാലം ഒരേ വില്ലേജ് ഓഫിസിൽ ജോലി ചെയ്യുന്നതും സാധാരണമാണ്. 

എൽഡി ക്ലർക്കിനു തുല്യമായ തസ്തികയായ വില്ലേജ് അസിസ്റ്റന്റ്, യുഡി ക്ലർക്കിനു തുല്യമായ സ്പെഷൽ വില്ലേജ് ഓഫിസർ, അതിനും മുകളിൽ വില്ലേജ് ഓഫിസർ എന്നിവയാണു വില്ലേജ് ഓഫിസുകളിലെ മറ്റു തസ്തികകൾ. വിഎഫ്എമാരുടെ അടിസ്ഥാനയോഗ്യത ഏഴാം ക്ലാസിൽനിന്ന് പത്താം ക്ലാസ് ആയി ഉയർത്തിയെങ്കിലും എൽഡി ക്ലർക്ക് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റ സാധ്യത പരിമിതമാണ്. പണ്ട് വില്ലേജ്മാൻ എന്ന പേരിലുള്ള തസ്തികയിൽ സ്ത്രീകളെയും നിയമിച്ചു തുടങ്ങിയതോടെയാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നു പേരു മാറിയത്.

English Summary: Village Field Assistant employees doing extra job of Village Officer- Revenue Department findings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com