ADVERTISEMENT

ന്യൂഡൽഹി ∙ കായികതാരങ്ങളെ പീഡിപ്പിച്ച കേസിലെ പ്രതി പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയത് അപമാനമെന്ന് ബജ്‍രംഗ് പുനിയ. ബ്രിജ്ഭൂഷനെതിരെ കേസെടുക്കാന്‍ ഡല്‍ഹി പൊലീസിന് ഏഴ് ദിവസം വേണ്ടി വന്നുവെന്നും, എന്നാല്‍ പ്രതിഷേധിച്ച ഗുസ്തി താരങ്ങൾക്കെതിരെ കേസെടുത്തത് മണിക്കൂറുകള്‍ക്കുള്ളിലാണെന്നും അവർ ആരോപിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ കസ്റ്റഡിയിലെടുത്ത ബജ്‍രംഗ് പുനിയയെ രാത്രി ഏറെ വൈകിയാണ് വിട്ടയച്ചത്. സമരം അവസാനിപ്പിക്കില്ലെന്നും ജന്തര്‍മന്തറിലേക്ക് മടങ്ങിവരുമെന്നും സാക്ഷി മാലിക്ക് വ്യക്തമാക്കി. കലാപശ്രമം ചുമത്തി കായികതാരങ്ങള്‍ക്കെതിരെ കേസെടുത്ത ഡല്‍ഹി പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അനുമതിയില്ലാതെ സംഘടിക്കൽ എന്നീ കുറ്റങ്ങളും ഗുസ്തി താരങ്ങള്‍ക്കെതിരെ ചുമത്തി.

കഴിഞ്ഞ ദിവസം പുതിയ പാർലമെന്റ് മന്ദിരത്തിനുസമീപം ‘മഹിളാ മഹാപഞ്ചായത്ത്’ നടത്താനൊരുങ്ങിയ ഗുസ്തിതാരങ്ങളെ ഡൽഹി പൊലീസ് തെരുവിലൂടെ വലിച്ചിഴച്ചിരുന്നു. ഒളിംപിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, ഏഷ്യൻ ഗെയിംസ് ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത പൊലീസ്, ജന്തർമന്തറിലെ അവരുടെ സമരപ്പന്തലും താമസസൗകര്യങ്ങളും നീക്കം ചെയ്തു.

ലൈംഗികാതിക്രമ പരാതിയിൽ പ്രതിചേർക്കപ്പെട്ട ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ‌ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഏപ്രിൽ 23ന് ജന്തർ മന്തറിൽ ആരംഭിച്ച സമരമാണ് പൊലീസിന്റെ അപ്രതീക്ഷിത ബലപ്രയോഗത്തിൽ കലാശിച്ചത്. സമരത്തിനു പിന്തുണയുമായെത്തിയ നൂറുകണക്കിനാളുകളെയും കസ്റ്റഡിയിലെടുത്തു. ഭീകരവാദികളെ പോലെയാണു പൊലീസ് കൈകാര്യം ചെയ്തതെന്നും വെടിവച്ചുകൊന്നാലും സമരത്തിൽനിന്നു പിന്നോട്ടില്ലെന്നുമാണു താരങ്ങളുടെ നിലപാട്.

English Summary:  Will not end strike, will return to Jantarmantar: Sakshi Malik

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com