ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ അങ്കണവാടികളെയും സമയബന്ധിതമായി സ്മാര്‍ട്ട് അങ്കണവാടികളാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുപ്പതിലേറെ അങ്കണവാടികളെ സ്മാര്‍ട്ടാക്കി. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ഫണ്ടും ജനപ്രതിനിധികളുടെ ഫണ്ടും പൊതുസമൂഹത്തിന്റെ പങ്കാളിത്തവും ഇതിനുറപ്പാക്കും. സുരക്ഷിതമായ ഇടം എന്നതിനോടൊപ്പം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന അന്തരീക്ഷം ഉറപ്പാക്കുകയും ലക്ഷ്യമിടുന്നു. പൂജപ്പുരയിലെ സ്മാര്‍ട്ട് അങ്കണവാടിയില്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു വീണാ ജോർജ്.

മന്ത്രിമാരായ വി.ശിവൻകുട്ടി, വീണാ ജോർജ് എന്നിവർ കുട്ടികളെ മധുരം നല്‍കി സ്വീകരിച്ചു. ‘‘അങ്കണവാടികളുടെ സമ്പൂര്‍ണ വൈദ്യുതിവത്ക്കരണം ലക്ഷ്യത്തോടടുക്കുകയാണ്. 2500ഓളം അങ്കണവാടികളില്‍ വൈദ്യുതിയില്ലായിരുന്നു. വൈദ്യുതി വകുപ്പുമായി ചേര്‍ന്നുള്ള നടപടികളിലൂടെ ഇനി നൂറില്‍ താഴെ അങ്കണവാടികളില്‍ മാത്രമാണ് വൈദ്യുതി ലഭിക്കാനുള്ളത്. വൈദ്യുതി ലൈന്‍ വലിക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ സോളര്‍ പാനല്‍ സ്ഥാപിച്ച് ഈ വര്‍ഷം തന്നെ മുഴുവന്‍ അങ്കണവാടികളിലും വൈദ്യുതി ലഭ്യമാക്കും.

മൂന്നു മുതല്‍ ആറു വയസ്സുവരെയുള്ള പ്രായം ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ്. പൊതു വിദ്യാഭ്യാസ മേഖലയില്‍ ദേശീയതലത്തില്‍ തന്നെ നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ ഒന്നാമതായി നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും വ്യക്തിത്വ വികസനവും വളര്‍ത്തിയെടുക്കുന്നത് വളരെ ശ്രദ്ധയോടെയും കരുതലോടെയും കാണുകയും പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്.

തിരുവനന്തപുരത്ത് അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു. മന്ത്രി വി.ശിവൻകുട്ടി സമീപം.
തിരുവനന്തപുരത്ത് അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു. മന്ത്രി വി.ശിവൻകുട്ടി സമീപം.

കുഞ്ഞുങ്ങള്‍ സ്‌കൂളുകളില്‍ പോകുന്നതിനു തൊട്ടുമുൻപുള്ള കാലഘട്ടത്തിനു വളരെ പ്രാധാന്യമാണു നല്‍കുന്നത്. പ്രിയപ്പെട്ടവരുടെ സംരക്ഷണയില്‍നിന്നു കുഞ്ഞുങ്ങള്‍ പൊതുസമൂഹത്തിലേക്ക് എത്തുന്ന ആദ്യത്തെ ഇടമായ അങ്കണവാടികളെ ഏറ്റവും ശാസ്ത്രീയമായി സജ്ജമാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കുട്ടികള്‍ക്ക് സമൃദ്ധമായ ആഹാരം നല്‍കുക എന്ന ലക്ഷ്യമിട്ട് മുട്ടയും പാലും പദ്ധതി നടപ്പിലാക്കി.

സമൂഹത്തിന്റെയും കുടുംബങ്ങളുടെയും മാതാപിതാക്കളുടെയും ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വലിയ പങ്കാളിത്തത്തോടു കൂടിയാണ് അങ്കണവാടി പ്രവേശനോത്സവം നടക്കുന്നത്. ഇതിന്റെ ഭാഗമായി അങ്കണക്കൂട്ടം സംഘടിപ്പിച്ചു. അങ്കണവാടി പ്രവര്‍ത്തകര്‍, പൂര്‍വ വിദ്യാർഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് ഗൃഹസന്ദര്‍ശനം നടത്തി കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങളും നല്‍കി. അങ്കണവാടികളെ മൂന്നോ നാലോ മേഖലകളായി തിരിച്ച് ഓരോ മേഖലയിലെയും ഒത്തുചേരല്‍ സംഘടിപ്പിച്ചു. ഇതിലൂടെ കുഞ്ഞുങ്ങളെ അങ്കണവാടികളിലേക്ക് പോകുന്നതിന് സജ്ജമാക്കാന്‍ സാധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കു മധുരം നൽകുന്ന  മന്ത്രിമാരായ വീണാ ജോർജും വി.ശിവൻകുട്ടിയും.
തിരുവനന്തപുരത്ത് അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കു മധുരം നൽകുന്ന മന്ത്രിമാരായ വീണാ ജോർജും വി.ശിവൻകുട്ടിയും.

പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി.പ്രിയങ്ക, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.സലീം എന്നിവര്‍ പങ്കെടുത്തു. 

English Summary: All anganwadis in Kerala will converted into Smart Anganwadi says minister Veena George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com