ADVERTISEMENT

ഭോപ്പാൽ ∙ ജലസംഭരണിയിൽ വീണ വിലകൂടിയ ഫോൺ എടുക്കാൻ 21 ലക്ഷം ലീറ്റർ വെള്ളം വറ്റിച്ച സംഭവത്തിൽ ഉദ്യോഗസ്ഥനിൽനിന്ന് പണം ഈടാക്കാൻ സർക്കാർ. ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥനും ഫോണിന്റെ ഉടമയുമായ രാജേഷ് വിശ്വാസിനെ സസ്പെൻഡ് ചെയ്തിരുന്നു. 

ഉപയോഗശൂന്യമെന്നു കാണിച്ച് വെള്ളംവറ്റിക്കാൻ വാക്കാൽ അനുമതി നൽകിയ സബ് ഡിവിഷനൽ ഓഫിസർ ആർ.കെ.ധിവാറിൽനിന്ന് പണം ഈടാക്കാനാണു നീക്കം. വേനൽക്കാലത്ത് ജലസേചനത്തിനും മറ്റുമായി ശേഖരിച്ചിരുന്ന വെള്ളമാണു പാഴാക്കിയത്. ശമ്പളത്തിൽനിന്നു വെള്ളത്തിന്റെ തുക ഈടാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാണ് ഇന്ദ്രാവതി പ്രൊജക്ട് സൂപ്രണ്ട് എൻജിനീയർ ധിവാറിന് അയച്ച കത്തിലുള്ളത്.

അവധിക്കാലം ആഘോഷിക്കാൻ ഖേർകട്ട അണക്കെട്ടിന്റെ ജലസംഭരണിയായ പാറൽക്കോട്ട് റിസർവോയർ പരിസരത്ത് എത്തിയതായിരുന്നു രാജേഷ്. കൂട്ടുകാരുമൊത്ത് സെൽഫി എടുക്കുന്നതിനിടെ, ഒരു ലക്ഷം രൂപ വിലയുള്ള സ്മാർട്ട്‌ഫോൺ വെള്ളത്തിൽ വീണു. നാട്ടുകാർ ഫോണിനായി വെള്ളത്തിൽ തിരഞ്ഞെങ്കിലും കണ്ടില്ല. തുടർന്നാണ് മൂന്നുദിവസം കൊണ്ട് 21 ലക്ഷം ലീറ്റർ വെള്ളം ഒഴുക്കി കളഞ്ഞത്. 1,500 ഏക്കർ കൃഷിയിടം നനയ്ക്കാനുള്ള വെള്ളമായിരുന്നു ഇത്.

പരാതിയെ തുടർന്ന് ജലവകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പമ്പിങ് തടഞ്ഞു. ഒൗദ്യോഗിക വിവരങ്ങൾ അടങ്ങുന്ന ഫോൺ ആയതിനാലാണ് എടുക്കാൻ തീരുമാനിച്ചതെന്നാണു രാജേഷ് പറയുന്നത്. ഫോൺ ലഭിച്ചെങ്കിലും മൂന്നുദിവസം വെള്ളത്തിൽ കിടന്നതിനാൽ ഉപയോഗശൂന്യമായ നിലയിലാണ്. അഞ്ചടി വരെ വെള്ളം വറ്റിക്കാൻ വാക്കാൽ അനുമതി നൽകിയിരുന്നെങ്കിലും അതിലേറെ വെള്ളം പുറത്തേക്ക് ഒഴുക്കിയെന്ന് ജലവകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

English Summary: Chhattisgarh Officer Asked To Pay For 21 Lakh Litres Water Drained To Retrieve Phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com