ന്യൂഡൽഹി∙ ഗുസ്‌തി താരങ്ങൾക്ക് പിന്തുണ നൽകേണ്ട സമയം അതിക്രമിച്ചെന്ന് ഫുട്‌ബോൾ താരം സി.കെ.വിനീത്. പൂജിക്കേണ്ട താരങ്ങളെയാണ് ഉപദ്രവിക്കുന്നതെന്നും വിനീത് മനോരമ ന്യൂസിനോട് പറഞ്ഞു. "സമരത്തെ സമീപിക്കുന്ന രീതി ശരിയല്ല. എല്ലാ മേഖലയിൽ നിന്നുള്ള ആളുകളും സമരത്തെ പിന്തുണയ്‌ക്കേണ്ടിയിരുന്ന സമയം അതിക്രമിച്ചു. വളരെ കഷ്ടപ്പെട്ട് നേടിയ മെഡലുകളാണ്. മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നത് തടയുന്നതിനായി സർക്കാർ ഇടപെടണം."- സി.കെ.വിനീത് പറഞ്ഞു.
അസോസിയേഷനുകളെ നിലയ്‌ക്ക് നിർത്തേണ്ട സമയമായെന്ന് മുൻ ഇന്ത്യൻ വോളിബോൾതാരം ടോം ജോസഫ് അഭിപ്രായപ്പെട്ടു. താരങ്ങളെ കടുത്ത നടപടികളിൽനിന്ന് പിന്തിരിപ്പിക്കാൻ കൂട്ടായ ശ്രമങ്ങൾ വേണമെന്നും ടോം ജോസഫ് പറഞ്ഞു.
ലൈംഗികാതിക്രമ പരാതിയിൽ ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബിജെപി എംപിയുമായി ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് മെഡലുകൾ ഗംഗയിൽ എറിയുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചത്.
English Summary: CK Vineeth and Tom Joseph supports protesting wrestlers