മലപ്പുറം∙ മലപ്പുറത്ത് സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ ഡിവൈഎസ്പിയുടെ ഭാര്യ വി.പി.നുസ്‌റത്തിനു ജാമ്യം. മലപ്പുറം പൊലീസെടുത്ത കേസിൽ 2,35,000 രൂപ കെട്ടിവെച്ചതോടെയാണ് ജാമ്യം. തൃശൂർ കോപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ.എ. സുരേഷ്ബാബുവിന്റെ ഭാര്യയാണ് നുസ്റത്ത്. തൃശൂർ ചേർപ്പിൽ നിന്നാണ് ഇവർ അറസ്റ്റിലായത്.
റെയിൽവേ അടക്കമുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തും ഒട്ടേറെപ്പേരിൽ നിന്ന് പണം കൈക്കലാക്കിയിരുന്നു. കോഴിക്കോട്,മലപ്പുറം,കണ്ണൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് സാമ്പത്തിക തട്ടിപ്പു കേസുകളുള്ളത്. കേരളത്തിലെ മുൻനിര സിനിമ നിർമാതാവിന്റെ ഒരു കിലോ കള്ളക്കടത്തു സ്വർണം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചും നുസ്‌റത്ത് പലരിൽ നിന്നും പണം തട്ടിയിരുന്നു. നിലവിൽ തൃശൂർ കോപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പിയായ ഭർത്താവ് കെ.എ.സുരേഷ്ബാബുവിനെ മറയാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന ആക്ഷേപവും ഉയർന്നിരുന്നു. മലപ്പുറത്ത് നിന്നുള്ള പ്രത്യേക പൊലീസ് സംഘമായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
English Summary: Financial fraud case: Bail issued to DYSP's wife