തേക്കടിയിൽ കാട്ടാന ആക്രമണം: വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരുക്ക്; പ്രഭാതസവാരി നിരോധിച്ചു
Mail This Article
തേക്കടി∙ തേക്കടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. തേക്കടി ഡിവിഷന്‍ ഓഫിസിലെ സീനിയർ ക്ലർക്കായ കട്ടപ്പന നരിയംപാറ സ്വദേശി റോബി വർഗീസിനാണ് (54) പരുക്കേറ്റത്. തേക്കടി ബോട്ട് ലാൻഡിങ് പരിസരത്തുവച്ചാണ് ആക്രമണമുണ്ടായത്.
പ്രഭാതസവാരിക്കിറങ്ങിയ റോബി കാട്ടനയുടെ മുന്നിൽ പെടുകയായിരുന്നു. ആനയെ കണ്ട് ഭയന്നോടിയ റോബി സമീപത്തുള്ള ട്രെഞ്ചിൽ വീണു. ഈ ട്രെഞ്ചിലൂടെ തന്നെ ആന കടന്നു പോകുന്നതിനിടെയാണ് നിലത്തു വീണു കിടന്ന റോബിക്ക് ചവിട്ടേറ്റത്. നിലവിൽ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തെ, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തെ തുടർന്ന് തേക്കടിയിൽ പ്രഭാതസവാരിയും സൈക്കിൾ സവാരിയും നിരോധിച്ചു.
തമിഴ്നാട് കമ്പത്ത് കാടിറങ്ങിയ ഒറ്റയാന്‍ അരിക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ ഇന്നു രാവിലെ മരിച്ചിരുന്നു. കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്. കമ്പത്തെ തെരുവിലൂടെ ഓടിയ ആന ബൈക്കില്‍ വരികയായിരുന്ന പാല്‍രാജിനെ ആക്രമിക്കുകയായിരുന്നു. തലയ്ക്കേറ്റ പരുക്കാണ് മരണകാരണം.
English Summary: Forest Official Injured in Wild Elephant Attack in Thekkady