മാവേലിക്കര∙ മലങ്കര സുറിയാനി കത്തോലിക്കാ സഭ, മാവേലിക്കര ഭദ്രാസന വികാരി ജനറലായി മോൺ.ഡോ.സ്റ്റീഫൻ കുളത്തുംകരോട്ടിനെ മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് പ്രഖ്യാപിച്ചു. കൊല്ലം ചെങ്കുളം കുളത്തുംകരോട്ട് ജോർജ്–അന്നമ്മ ദമ്പതികളുടെ ഇളയ മകനാണ്. 1970 ഫെബ്രുവരി 9നാണ് ജനനം. വർഗീസ്, കൊച്ചുകുഞ്ഞ്, സാമുവൽ, മോളി എന്നിവരാണ് സഹോദരങ്ങൾ.
1984 ജൂണിൽ വൈദിക പരിശീലനത്തിനായി തിരുവനന്തപുരം പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. തിരുവനന്തപുരം മലങ്കര മേജർ സെമിനാരിയിൽ നിന്നും തത്വശാസ്ത്ര പഠനവും ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി 1994 ഡിസംബർ 28-ന് ആയുർ സെന്റ് മേരീസ് പള്ളിയിൽ വച്ച് ബിഷപ് ലോറൻസ് മാർ അപ്രേം പിതാവിൽനിന്ന് വൈദിക പട്ടം സ്വീകരിച്ചു.
മദ്രാസ് സർവകലാശാലയിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിലും കേരള സർവകലാശാലയിൽനിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ഓഷ്യാനയിലെ മലങ്കര സഭാമക്കളുടെ അജപാലന രൂപീകരണം, വെല്ലുവിളികൾ, അവസരങ്ങൾ എന്ന വിഷയത്തിൽ ഡോക്റ്ററേറ്റ് കരസ്ഥമാക്കി. സഭയുടെ സിനഡൽ സ്വഭാവം അജപാലന ശുശ്രൂഷയിലെ സുതാര്യത എന്ന വിഷയത്തിൽ അഡലൈഡ് യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്റ്ററൽ ഗവേഷകനാണ്.
English Summary: Mar Joseph Kulathumkarote become Vicar general of Malankara Catholic Church, Mavelikara Diocese