ADVERTISEMENT

ന്യൂഡൽഹി∙ കേരളത്തിന്റെ വായ്‌പാ പരിധിയുമായി ബന്ധപ്പെട്ട വിശദ കണക്ക് നൽകാമെന്ന് കേന്ദ്ര ധനമന്ത്രാലയം. കണക്കിൽ വ്യക്തത തേടിയ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെ ഇക്കാര്യം അറിയിച്ചു. താൻ പറഞ്ഞ കണക്കുകൾക്കു മറുപടി പറയാൻ സർക്കാരിനെ വെല്ലുവിളിച്ച് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രംഗത്തെത്തി.

ഇന്നലെ മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ തുടർച്ചയായാണ് സംസ്ഥാനം വായ്പാ കണക്കിന്റെ വിശദാംശങ്ങൾ തേടി കേന്ദ്ര ധനമന്ത്രാലയത്തെ സമീപിച്ചത്. കേരളത്തിന് അനുവദിച്ച വായ്‍പാ പരിധിയുമായി ബന്ധപ്പെട്ട വിശദമായ കണക്കുകൾ കൈമാറുന്നതിന്റെ ഫയൽ നീക്കം തുടങ്ങിയെന്നു ധനമന്ത്രാലയം അറിയിച്ചു. 

വായ്‌പാ പ്രശ്നത്തിൽ കേന്ദ്രത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും. കിഫ്‌ബിയും പെൻഷൻ കമ്പനിയുമെടുക്കുന്ന വായ്‌പയെ കേരളത്തിന്റെ കടമായി കണക്കാക്കുന്നതിനെയാകും കേരളം ചോദ്യം ചെയ്യുന്നത്. ഉള്ളതു പറഞ്ഞാൽ പൊള്ളുമെന്നു പിണറായി വിജയനും കൂട്ടരും വീണ്ടും തെളിയിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആരോപിച്ചു.

കേന്ദ്രസർക്കാരിനെതിരായ പച്ചക്കള്ളം താൻ കണക്കുകൾ പറഞ്ഞുപൊളിച്ചപ്പോൾ കൂട്ടത്തോടെയിറങ്ങി ചീത്ത വിളിക്കുകയാണ്. ബാലഗോപാൽ പറഞ്ഞിട്ട് എറിക്കാഞ്ഞിട്ട് മരുമകൻ മന്ത്രിയെ ഇറക്കിയെന്നും വി.മുരളീധരൻ ഫെയ്‌സ്ബുക് പോസ്റ്റിൽ പരിഹസിച്ചു. കേന്ദ്രസർക്കാരിൽനിന്ന് തനിക്കെങ്ങനെ കണക്കുകിട്ടി എന്ന ബാലഗോപാലിന്റെ ചോദ്യം ഏറ്റവും വലിയ തമാശയാണ്. ഇതേസമയം കേന്ദ്രത്തെ പ്രതിപക്ഷം പരോക്ഷമായി പിന്തുണയ്‌ക്കുന്നെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ വി.ഡി.സതീശൻ രംഗത്തെത്തി. കേരളത്തിന്റെ കടമെടുപ്പ് പരിധി കുറച്ചതിൽ പ്രതിപക്ഷ നേതാവിന് ആഹ്ലാദമാണെന്നായിരുന്നു മന്ത്രി എം.ബി.രാജേഷിന്റെ പ്രതികരണം. 

English Summary: The Union Finance Ministry has said that it can provide a detailed estimate of Kerala's credit limit 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com