ADVERTISEMENT

തിരുവനന്തപുരം∙ കെ ഫോണിന്റെ ഉദ്ഘാടനച്ചടങ്ങിനു മാത്രം 4.35 കോടി രൂപയാണു സർക്കാർ ചെലവിടുന്നതെന്നും ഇതു ധൂർത്താണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭയിലെ ഹാളിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനാണ് ഇത്രയും ധൂർത്ത്. ഒന്നുമാകാതെ ഒരു വട്ടം കെ ഫോൺ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതാണ്. ഇത്തവണ വീണ്ടും ഉദ്ഘാടനം ചെയ്യുമ്പോഴും പദ്ധതി ഒന്നുമായിട്ടില്ല. 

18 മാസം കൊണ്ട് 20 ലക്ഷം പാവപ്പെട്ടവർക്കും 30000 സർക്കാർ ഓഫിസുകൾക്കും കണക്ഷൻ കൊടുക്കുമെന്നാണു പറഞ്ഞത്. ഇപ്പോൾ പറയുന്നതു 14000 പേർക്കു കൊടുക്കുമെന്നാണ്. അതുപോലും സാധിക്കാതെയാണ് ഉദ്ഘാടനം നടത്തുന്നത്. കെ ഫോണിന്റെ ഉദ്ഘാടനവുമായി പ്രതിപക്ഷം സഹകരിക്കില്ല. ഇതു പദ്ധതിയോടുള്ള എതിർപ്പല്ല. പദ്ധതിയിലെ അഴിമതിയാണു കാരണം. അഴിമതി ക്യാമറയിലെ അതേ കമ്പനികൾ കെ ഫോണിലും ഉൾപ്പെട്ടിട്ടുണ്ട്. ക്യാമറാ ഇടപാടിൽ നിയമനടപടി സ്വീകരിക്കാൻ യുഡിഎഫ് യോഗം തീരുമാനിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതെന്തിനെന്ന് അറിയാത്ത മുഖ്യമന്ത്രി കുതിര കയറുന്നു’

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതെന്തിനെന്ന് മുഖ്യമന്ത്രിക്കോ സംസ്ഥാന ധനമന്ത്രിക്കോ ധനകാര്യ വകുപ്പിനോ അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഉദ്യോഗസ്ഥരെ കൂടാതെ ചെല്ലുംചെലവും കൊടുത്ത് ഡല്‍ഹിയില്‍ രണ്ട് പേരെ കേരള സര്‍ക്കാര്‍ പ്രതിനിധികളായി നിയമിച്ചിട്ടുണ്ട്. അവരോട് ധനകാര്യമന്ത്രാലയത്തില്‍ പോയി അന്വേഷിക്കാന്‍ പറഞ്ഞാല്‍ സര്‍ക്കാരിനു വിവരങ്ങള്‍ കിട്ടും. അതിനുള്ള ശ്രമം പോലും മുഖ്യമന്ത്രി നടത്തിയില്ല. 

കിഫ്ബി, പെന്‍ഷന്‍ ഫണ്ടുകളിലെ ബാധ്യത കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയത് പ്രതിപക്ഷമാണ്. ബജറ്റിനു പുറത്ത് കടമെടുത്താലും അത് ബജറ്റിനകത്തേക്കുള്ള ബാധ്യതയാകുമെന്നും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നും കിഫ്ബി ബില്‍ അവതരണ വേളയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. പ്രതിപക്ഷം പറഞ്ഞത് തന്നെയാണ് രണ്ടു തവണ സിഎജി റിപ്പോര്‍ട്ടിലും വന്നത്. സിഎജി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു കൊണ്ട് നിയമസഭയില്‍ പ്രമേയം പാസാക്കുകയാണ് ചെയ്തത്. ഭരണഘടനാ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് നിയമസഭ തള്ളിയത് കൊണ്ട് ആ റിപ്പോര്‍ട്ട് ഇല്ലാതാകുന്നില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് സംബന്ധിച്ച് ഒന്നും അറിയാത്ത മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മേല്‍ കുതിര കയറുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary: V.D.Satheesan against KFON inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com