ഹൈദരാബാദ് ∙ നിശാപാര്‍ട്ടിക്കു വീര്യം കൂട്ടാന്‍ വിദേശയിനം വന്യജീവികളെ ഉപയോഗിച്ച് ഹൈദരാബാദിലെ പബ്. പാര്‍ട്ടിക്കെത്തിയവര്‍ മദ്യപിക്കുന്നതിനൊപ്പം ഇഗ്വാനയെയും പെരുമ്പാമ്പിനെയും കയ്യിലെടുത്ത് ലാളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ പബ് മാനേജരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ പബാണു നിശാപാര്‍ട്ടിക്കെത്തിയവർക്കു പുതിയ തീം ഒരുക്കി കുടുങ്ങിയത്.
എക്സോറ ബാര്‍സ് ആന്‍ഡ് കിച്ചന്‍ എന്ന പബ്ബില്‍ ഞയറാഴ്ചയാണു വിദേശ ഇനങ്ങളില്‍പെട്ട ജന്തുക്കളെ പ്രദര്‍ശിപ്പിച്ചു നിശാപാര്‍ട്ടി അരങ്ങേറിയത്. പാര്‍ട്ടിക്കെത്തിവയവര്‍ക്ക് ഇഗ്വാന, പെരുമ്പാമ്പ്, കാട്ടുപൂച്ച എന്നിവയെ കയ്യിലെടുക്കാനും ഓമനിക്കാനും അവസരമുണ്ടായിരുന്നു. ഒരു കയ്യില്‍ മദ്യവും മറുകയ്യില്‍ പെരുമ്പാമ്പിനെയും ഇഗ്വാനയെയും പിടിച്ചു നിരവധി പേരാണ് വൈല്‍ഡ് ജംഗിൾ തീമിലൊരുക്കിയ നിശാപാര്‍ട്ടിയില്‍ ആടിത്തിമിര്‍ത്തത്. സംഭവം ഹിറ്റുമായി.
അടുത്ത വാരാന്ത്യത്തിലുള്ള നിശാപാര്‍ട്ടിയുടെ പരസ്യത്തിനായി പബ്ബുകാര്‍ തന്നെ ആഘോഷത്തിന്റെ ഫോട്ടോകളും ദൃശ്യങ്ങളും ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്തതോടെ പുലിവാലായി. അതിതീവ്ര വെളിച്ച – ശബ്ദ വിന്യാസമുള്ള പബില്‍ ഇത്തരം ജീവികളെ പാര്‍പ്പിച്ചത് മൃഗസ്നേഹികള്‍ ചോദ്യം ചെയ്തു. ട്വിറ്ററില്‍ സിറ്റി പൊലീസ് കമ്മിഷണറെ ടാഗ് ചെയ്തു ട്വീറ്റുകള്‍ എത്തിയതോടെ പൊലീസ് ഉണര്‍ന്നു.
പൊലീസും വനം വകുപ്പും പബ് റെയ്ഡ് ചെയ്തു. മാനേജര്‍ വിനായകിനെ അറസ്റ്റ് ചെയ്തു. ജന്തുക്കളെ കയ്യിലെടുത്ത് അമ്മാനമാടി ഫോട്ടോകളെടുത്തു പ്രചരിപ്പിച്ച ഡോക്ടറടക്കം 6 പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. മുഴുവന്‍ ജീവികളെയും പിടികൂടി പബില്‍നിന്നു സുരക്ഷിത സ്ഥലത്തേക്കു മാറ്റി. ലൈസന്‍സില്ലാതെ വിദേശയിനം ജന്തുക്കളെ പാര്‍പ്പിച്ചതിനും അപകടകരമായ രീതിയില്‍ കൈകാര്യം െചയ്തതിനുമാണു കേസ്.
English Summary: Exotic Animals Displayed At Hyderabad Pub Rescued, Owner Arrested