ഗുസ്തി താരങ്ങൾക്കൊപ്പം; ആവശ്യമെങ്കിൽ രാഷ്ട്രപതിയെ കാണും, അന്തിമ തീരുമാനം നാളെ
Mail This Article
ലഖ്നൗ∙ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ അന്തിമ തീരുമാനം നാളെ ഹരിയാനയിൽ പ്രഖ്യാപിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്. കർഷകരും ഹരിയാനയിലെ ഖാപ്പുകളും ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ രാഷ്ട്രപതിയെ കാണുമെന്നും സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കൊപ്പമാണ് തങ്ങളെന്നും മുസാഫർനഗറിലെ മെഗാ മീറ്റിങ്ങിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
മെഡലുകൾ ഗംഗയിൽ ഒഴുക്കരുതെന്ന് ഗുസ്തി താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡലുകൾ ലേലത്തിനു വച്ചാൽപ്പോലും ലോകം ഒന്നിച്ചെത്തി ലേലം നിർത്താൻ ആവശ്യപ്പെടുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവും രാകേഷ് ടിക്കായത്ത് ഉയർത്തി.
‘‘കേന്ദ്രം എന്താണ് ചെയ്യുന്നതെന്ന് എല്ലാവരും മനസിലാക്കണം. ബിഹാറിൽ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ കേന്ദ്ര സർക്കാർ തകർത്തു. മുലായം സിങ് യാദവിന്റെ കുടുംബത്തോട് അവരെന്താണ് ചെയ്തതെന്ന് നോക്കൂ. രാജസ്ഥാനിലും അതു തന്നെയാണ് ആവർത്തിക്കുന്നത്’ – ടിക്കായത്ത് പറഞ്ഞു.
സമരത്തെ അടിച്ചമർത്തുന്ന പൊലീസ് നിലപാടിനു പിന്നാലെ മെഡലുകൾ ഗംഗയിൽ ഒഴുക്കാനായി ഗുസ്തി താരങ്ങൾ പോയിരുന്നു. രാകേഷ് ടിക്കായത്തിന്റെ ഇടപെടലിനു പിന്നാലെയാണ് ഗുസ്തി താരങ്ങൾ തീരുമാനം മാറ്റിയത്.
ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായാണ് ഭാരതീയ കിസാൻ യൂണിയൻ ദേശീയ അധ്യക്ഷൻ നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തിൽ മുസഫർനഗറില്‍ ഖാപ് പഞ്ചായത്ത് വിളിച്ചുചേർത്തിരിക്കുന്നത്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഖാപ് നേതാക്കളും പങ്കെടുക്കുന്നുണ്ട്.
English Summary: Farmers in support of protesting wrestlers