തൊടുപുഴയിൽ ഇടിമിന്നലേറ്റ് ചികിത്സയിൽ കഴിഞ്ഞ പാറമട തൊഴിലാളി മരിച്ചു
Mail This Article
തൊടുപുഴ∙ ആലക്കോട് പാറമടയിൽ ഇടിമിന്നലേറ്റ് സെന്റ് മേരിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൂപ്പാറ സ്വദേശി രാജ (45) പുലർച്ചെ മരിച്ചു. കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റു പാറമടയിലെ 11 തൊഴിലാളികൾക്കാണ് ഇന്നലെ പരുക്കേറ്റത്. തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിലുള്ള പാറമടയിൽ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടം.
രാജയെക്കൂടാതെ, മൂന്നാർ സ്വദേശി പ്രകാശ് (18), എരുമേലി സ്വദേശി അശ്വിൻ (22), കൊല്ലം സ്വദേശി അഖിലേഷ് (25), പെരുമ്പാവൂർ സ്വദേശി അശോകൻ((70), തമിഴ്നാട് സ്വദേശികളായ വിജയ് (22), സൂര്യ (22), ജയൻ (55), ധർമലിംഗം (31), മദൻരാജ് (22), ജോൺ (32) എന്നിവർക്കാണു പരുക്കേറ്റത്. ഇവർ തൊടുപുഴയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ തമിഴ്നാട് സ്വദേശി മദൻരാജിന്റെ സ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
പാറമടയിൽ തൊഴിലാളികൾക്കു വിശ്രമിക്കാൻ നിർമിച്ചിരിക്കുന്ന താൽക്കാലിക ഷെഡിൽ മഴയത്തു തൊഴിലാളികൾ നിൽക്കുമ്പോഴാണു ശക്തമായ മിന്നലുണ്ടായത്. ഇവിടെ കെട്ടിയിരുന്ന പടുത കീറിപ്പറിഞ്ഞു. ശക്തമായ മിന്നലിൽ വീണ തൊഴിലാളികളെ പരിസരത്ത് ഉണ്ടായിരുന്ന വാഹനങ്ങളിലാണ് ആശുപത്രിയിൽ എത്തിച്ചത്. വിവരം അറിഞ്ഞ് ഫയർഫോഴ്സും പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
English Summary: Lightning in Thodupuzha, one died