കെഎസ്ആര്‍ടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി അറസ്റ്റിൽ
Mail This Article
തൊടുപുഴ∙ കെഎസ്ആര്‍ടിസി ബസിൽ യുവതിക്കുനേരെ വീണ്ടും ലൈംഗികാതിക്രമം. എറണാകുളം – തൊടുപുഴ ബസിൽ വാഴക്കുളത്തു വച്ച് ഇന്നു വൈകിട്ടാണ് സംഭവമുണ്ടായത്. യുവതിയുടെ പരാതിയിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിൽ അറസ്റ്റിലായി. ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോലാനി സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് പരാതിക്കാരി.
കൊച്ചിയിൽ ഇൻഫോപാർക്കിലെ ജോലിക്കാരിയായ ഇവർ കരിങ്ങാച്ചിറയിൽ നിന്നാണ് ബസിൽ കയറിയത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്ന് പറയുന്നു. ബസിന്റെ മുൻവാതിലിനു സമീപം ഇരുന്ന പരാതിക്കാരിയുടെ സമീപത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു.
മൂവാറ്റുപുഴയെത്തിയപ്പോൾ അടുത്തുണ്ടായിരുന്ന യാത്രക്കാരി കൂടുതൽ സൗകര്യമുള്ള മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു. ഉറക്കത്തിലായിരുന്ന പരാതിക്കാരി ഇക്കാര്യം അറിഞ്ഞില്ല. ഇതിനിടെയാണ് മൂവാറ്റുപുഴയിൽനിന്ന് ബസിൽ കയറിയ പ്രതി ഇവരുടെ അടുത്ത് ഇരുന്നത്. തുടർന്ന് ഇയാൾ യുവതിയുടെ ശരീരത്തിൽ കയറിപ്പിടിച്ചു. ആദ്യം പകച്ചുപോയ ഇവർ ഒതുങ്ങിയിരുന്നെങ്കിലും ഇയാൾ വീണ്ടും അതിക്രമം കാട്ടി.
ഇതോടെ യുവതി മൂന്നു പേർക്കുള്ള സീറ്റിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെ പ്രതി ഇവരുടെ സീറ്റിനു പിന്നിലെ സീറ്റിൽ ചെന്നിരുന്ന് ശല്യം തുടർന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ഇടപെട്ടതോടെ സഹയാത്രികർ പ്രതിയെ തടഞ്ഞുവച്ചു. ആദ്യം കണ്ടക്ടറോട് തർക്കിച്ച പ്രതി, പിന്നീട് ബസിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ സഹയാത്രികൾ ഷട്ടറുകൾ ഉൾപ്പെടെ താഴ്ത്തി പ്രതിയെ ബസിൽ തടഞ്ഞുവച്ചു. തുടർന്ന് അതേ ബസിൽ തൊടുപുഴ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
English Summary: Man Arrested for Molestation against Woman at KSRTC Bus