പട്ന∙ കോൺഗ്രസ് യുവനേതാവ് കനയ്യ കുമാർ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വിട്ടു നിന്നു. കുംഹാർ സമാജ് സമന്വയ സമിതി സംഘടിപ്പിച്ച പരിപാടിയാണ് മുഖ്യാതിഥിയായിരുന്ന തേജസ്വി യാദവ് ഒഴിവാക്കിയത്. കനയ്യ കുമാറുമൊത്തു വേദി പങ്കിടാനുള്ള വൈമുഖ്യം കാരണമാണു തേജസ്വി വിട്ടുനിന്നതെന്നാണ് ആരോപണം. അതേസമയം, ബിഹാർ മന്ത്രിമാരായ അശോക് ചൗധരിയും മുഹമ്മദ് മൻസൂരിയും ചടങ്ങിൽ കനയ്യ കുമാറിനൊപ്പം നിലവിളക്കു കൊളുത്തി.
കനയ്യ കുമാർ ബിഹാർ രാഷ്ട്രീയത്തിൽ സജീവമാകുന്നതിനോട് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും തേജസ്വി യാദവും താൽപര്യം കാണിക്കാറില്ല. കനയ്യ കുമാറിനെ കോൺഗ്രസിലെടുത്തതിനു ശേഷം ഉപതിരഞ്ഞെടുപ്പുകളിൽ ആർജെഡി കോൺഗ്രസിനെ അവഗണിച്ചിരുന്നു.
കനയ്യ കുമാറിനെ കോൺഗ്രസിന്റെ ബിഹാർ അധ്യക്ഷനാക്കാനുള്ള നീക്കത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്മാറിയതിന് ആർജെഡി നേതൃത്വത്തിന്റെ എതിർപ്പും കാരണമായിരുന്നു.
English Summary: Tejashwi Yadav distanced from event attended by Kanhaiya Kumar