ADVERTISEMENT

തിരുവനന്തപുരം ∙ യുഎസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിനായി സംഘാടകസമിതിയുടെ പേരിൽ വൻതുക പിരിച്ചെടുക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, കടുത്ത പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കൊപ്പം വേദി പങ്കിടാൻ 82 ലക്ഷം രൂപ വരെ പിരിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.എസ്.ശബരീനാഥൻ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ പരിഹാസവുമായി രംഗത്തെത്തിയത്. മറ്റുള്ളവരുടെമേൽ അധികാരം അടിച്ചേൽപ്പിക്കുന്നതിനുള്ള അമിതമായ ആസക്തിയാണ് ഇതിനു പിന്നിലെന്ന് ശബരീനാഥൻ പരിഹസിച്ചു.

‘‘ഇത് പഴയ ഒരു മുഖ്യമന്ത്രിയാണ്. ഇദ്ദേഹത്തോടൊപ്പം ഒന്നിരിക്കാൻ, ഒന്ന് സംസാരിക്കാൻ, ഒന്ന് വിഷമം പറയാൻ 82 ലക്ഷവും ഗോൾഡ്, സിൽവർ, ബ്രോൺസ് പാസും ഒന്നും ആവശ്യമില്ലായിരുന്നു. ഇന്നത്തെ കാര്യങ്ങൾ കാണുമ്പോൾ ഓർമ വരുന്നത് Megalomania എന്ന ഇംഗ്ലിഷ് വാക്കാണ്.‘Obsession with the exercise of power’ എന്നാണ് അർഥം. ‘മറ്റുള്ളവരുടെമേൽ അധികാരം അടിച്ചേൽപ്പിക്കുന്നതിനുള്ള അമിതമായ ആസക്തി’ എന്ന് മൊഴിമാറ്റാം. ഇതാണ് ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്നത്.’ – കെ.എസ്. ശബരീനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

‘‘ഉമ്മൻ ചാണ്ടി സാറിന്റെ കാർ യാത്രയെപ്പറ്റി സാധാരണ പറയാറുണ്ട്; ആ യാത്ര കണ്ടാൽ കാർ കമ്പനിക്കാർ കേസ് കൊടുക്കും എന്ന്. കാരണം അത്രയേറെ ആളുകൾ എപ്പോഴും കാറിലുണ്ടാകും... ആ മനുഷ്യൻ അങ്ങനെയാണ്, ആൾക്കൂട്ടത്തിലാണ് ജീവിക്കുന്നത്. അപ്പോഴാണ് ചില അൽപന്മാർക്ക് ഒപ്പമിരിക്കണേൽ 82 ലക്ഷം എന്നൊക്കെയുള്ള വാർത്ത കേൾക്കുന്നത്... ഇതെന്താ ജയിംസ് കാമറൂണിന്റെ ‘അവതാർ’ വല്ലതുമാണോ, ചെയറിന് അനുസരിച്ച് റേറ്റ് വയ്ക്കാൻ...’ – രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.

താരനിശ സംഘടിപ്പിക്കുന്ന മാതൃകയിൽ ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ നൽകിയാണു സ്പോൺസർഷിപ് സ്വീകരിക്കുന്നതെന്നാണ് വിവരം. ഗോൾഡിന് ഒരു ലക്ഷം ഡോളർ (ഏകദേശം 82 ലക്ഷം രൂപ), സിൽവറിന് 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ), ബ്രോൺസിന് 25,000 ഡോളർ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണു നൽകേണ്ട തുക. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.എൻ.ബാലഗോപാൽ, സ്പീക്കർ എ.എൻ.ഷംസീർ, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എന്നിവരുടെയും സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ ആഡംബര ഹോട്ടലിന്റെയും ചിത്രം സഹിതമുള്ള താരിഫ് കാർഡാണ് അമേരിക്കൻ മലയാളികളുടെ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.

English Summary: Youth Congress Leaders Take A Dig At CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com