ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന യുവതിയുടെ പരാതിയിൽ ജയിലിലായ സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ യുവതി നൽകിയ കള്ളപരാതിയാണെന്ന് ആരോപിച്ച് അസോസിയേഷൻ ഡിജിപിക്ക് പരാതി നൽകി. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് സവാദ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതിയുടെ പരാതി. അതേസമയം, ആലുവ സബ് ജയിലിലുള്ള സവാദിന് ജാമ്യം ലഭിച്ചു. സവാദ് നാളെ ജയില്‍ മോചിതനാകുമെന്നാണ് വിവരം.

ഇൻസ്റ്റഗ്രാമിൽ പ്രശസ്തി ലഭിക്കാനാണ് യുവതി പൊലീസിൽ പരാതി നൽകുകയും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. യുവതി പ്രചരിപ്പിച്ച വിഡിയോയിൽ യുവാവ് മോശം കാര്യങ്ങൾ ചെയ്തതായി തെളിവില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

യുവതിയുടെ ഭാഗത്താണ് ശരി എന്നാണ് ആദ്യമൊക്കെ വിശ്വസിച്ചിരുന്നതെന്നും ഇൻസ്റ്റഗ്രാം ഐഡി പരിചയപ്പെടുത്തി യുവതി വിഡിയോ ചെയ്തതോടെയാണ് ഫോളോവേഴ്സിനെ കൂട്ടാനുള്ള പദ്ധതിയാണെന്ന് മനസിലായതെന്നും അജിത് കുമാർ പറഞ്ഞു. പെൺകുട്ടിയുടെ സുഹൃത്തുക്കളും ഫോണിൽ വിളിച്ച് ഇതെല്ലാം നാടകമാണെന്ന് പറയുന്നുണ്ട്. പരാതി നൽകിയ ശേഷം നിരവധി ഭീഷണി കോളുകൾ വരുന്നതായും അജിത് കുമാർ പറഞ്ഞു.

സവാദിനു നീതി ലഭിക്കുന്നതുവരെ പോരാടാനാണ് സംഘടനയുടെ തീരുമാനം. ‘സവാദിന് നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കുടുംബം താമസം മാറി. സവാദ് മാനസികമായി തകർന്ന അവസ്ഥയിലാണ്. ഇപ്പോഴത്തെ മാനസിക അവസ്ഥയിൽനിന്ന് യുവാവിനെ മാറ്റിയെടുക്കുന്നതിനാണ് ആദ്യപരിഗണന. സത്യം പുറത്തുവരണം’–അജിത് കുമാർ പറയുന്നു.

നേരത്തെ, ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അജിത് കുമാർ, സവാദിന് സ്വീകരണം നൽകുന്ന കാര്യം വെളിപ്പെടുത്തിയത്. 

‘‘ഞാൻ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറാണ്. ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ സവാദ് വിഷയവുമായി ബന്ധപ്പെട്ട് കുറച്ചു കാര്യങ്ങൾ പറയാനാണ് വന്നിരിക്കുന്നത്. നിങ്ങൾക്ക് എല്ലാവർക്കും അറിയാം, സവാദ് എന്ന് പറയുന്ന ഒരു യുവാവ് നിരപരാധി ആയ യുവാവ്, തെറ്റു ചെയ്യാത്ത ഒരാൾ ഒത്തിരി ദിവസമായി ജയിലിൽ കിടക്കുകയാണ്. ഒരു തെളിവും ഇല്ലാത്ത, ഒരു തെളിവും ഹാജരാക്കാൻ പറ്റാത്ത കേസിലാണ് അദ്ദേഹം ജയിലിൽ കിടക്കുന്നത്.’

‘‘ഒരു നിരപരാധി ആയ ഒരു പുരുഷനെ ഒരു പെണ്ണിന്റെ, അവൾ സെലിബ്രിറ്റി ആകാൻ വേണ്ടി കാണിച്ച കുതന്ത്രത്തിന്റെ അടിസ്ഥാനത്തിൽ, അവൾ കൊടുത്ത വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു യുവാവ് ജയിലിൽ കിടക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബം ഇന്ന് വീട് ഉപേക്ഷിച്ച് വേറെ എവിടെയോ പോയി ഒളിവിൽ താമസിക്കുകയാണ്. സമൂഹത്തിൽ പുറത്തിറങ്ങാൻ പറ്റാത്ത ഒരു അവസ്ഥ. ഇന്ന് ഇത് സവാദിനാണെങ്കിൽ നാളെ ഇത് എന്നെ കേൾക്കുന്ന നിങ്ങൾക്കോ എനിക്കോ വരാം. എനിക്ക് ഏതു നിമിഷവും വരാനുള്ള സാഹചര്യമുണ്ട്. കാരണം ഒത്തിരി സ്ത്രീകളുടെ കോളുകൾ വരുന്നുണ്ട്. വിഡിയോ കോളിൽ അവർ വളരെ മോശം വിഡിയോ അവരുടെ ശരീര ഭാഗങ്ങൾ‌ കാണിച്ചുകൊണ്ട് വിഡിയോ ചെയ്യാറുണ്ട്. അപ്പോൾ ഇതിൽ നമ്മൾ വീഴാതിരിക്കുക എന്നതാണ് വലിയ കാര്യം. പുരുഷൻമാരുടെ ലൈംഗിക ദാരിദ്യം, കേരളത്തിൽ നല്ലവരായിട്ടുള്ള വലിയൊരു വിഭാഗം പുരുഷൻമാർ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. അതിനെ സ്ത്രീകൾ ദുരുപയോഗം ചെയ്യുകയാണ്. അതിനെ മുതലെടുത്താണ് ഈവക കാര്യങ്ങളെല്ലാം നടക്കുന്നത്.

ആ പെൺകുട്ടി തന്നെ ഈ വിഷയം ഉണ്ടായതിനു ശേഷം ലൈവിൽ വന്നിരുന്ന് പറയുന്നത് കേട്ടാലറിയാം. സാധാരണ ഗതിയിൽ വേദനയോടും ഞെട്ടലോടും കൂടിയാകും ഇത്തരം വിഷയങ്ങൾ പെൺകുട്ടികൾ ലൈവിൽ പറയുക. ഇവിടെ ഇൻസ്റ്റഗ്രാം ഐഡി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടുകയായിരുന്നു ആ പെൺകുട്ടിയുടെ ലക്ഷ്യം. ഒരു സെലിബ്രിറ്റിയാകുക. ഏതു മേഖലയിലും അവൾക്ക് എത്തിപ്പെടണം. മോഡലായതുകൊണ്ടുതന്നെ ഫിലിമിലോ ബിഗ് ബോസിലോ ഒക്കെ എത്തിപ്പെടാൻ വേണ്ടി ഒരു എടുത്തുചാട്ടമാണ് നടത്തിയത്. അതുപക്ഷേ, ഒരു കുഴിയിലേക്ക് ആയിപ്പോയി.’

‘‘പുറത്തിറങ്ങിയാൽ സ്വന്തം വാപ്പയുടെയും ഉമ്മയുടെയും പെങ്ങളുടെയും മുഖത്ത് എങ്ങനെ നോക്കും എന്നൊരു മാനസികാവസ്ഥ അദ്ദേഹത്തിനുണ്ട്. ഒരുപക്ഷേ, ആത്മഹത്യ മുന്നിൽ കണ്ടുകൊണ്ടായിരിക്കാം അദ്ദേഹം ജയിലിൽനിന്ന് ഇറങ്ങാൻ പോകുന്നത്. അപ്പോൾ അതുകൊണ്ട് നമ്മൾ അദ്ദേഹത്തിന് ആലുവ സബ് ജയിലിൽനിന്ന് ഇറങ്ങുന്നതിന്റെ അന്ന് സ്വീകരണം കൊടുക്കുകയാണ്. ഓൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹാരം അണിയിച്ച് സ്വീകരണം കൊടുത്ത് അദ്ദേഹത്തെ നമ്മൾ കൊണ്ടുവരും.; – അജിത് കുമാർ പറഞ്ഞു.

ഈ സ്വീകരണം കൊണ്ട് മരണത്തെ മുന്നിൽ കണ്ട് വരുന്ന അദ്ദേഹത്തിൽ മാറ്റമുണ്ടാകണമെന്നും, അന്തസായി ജീവിക്കാൻ പറ്റുമെന്ന ചിന്ത അദ്ദേഹത്തിലുണ്ടാക്കണമെന്നും അജിത് കുമാർ കൂട്ടിച്ചേർത്തു.

English Summary: All Kerala Men's association complaint on KSRTC bus sexual harrassment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com