ADVERTISEMENT

ഭുവനേശ്വർ∙ ഒഡീഷയിൽ പാളം തെറ്റി മറിഞ്ഞ പാസഞ്ചർ ട്രെയിനിൽ മറ്റൊരു ട്രെയിനിടിച്ച് വൻ അപകടം. ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുർ – ഹൗറ എക്സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകൾ സമീപത്തെ ഗുഡ്സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞു.

207 മൃതദേഹങ്ങൾ കണ്ടെടുത്തെന്നും 900ലധികം പേർക്കു പരുക്കേറ്റെന്നും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെനയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. മറിഞ്ഞ ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചിൽ തുടരുകയാണെന്നും പരുക്കേറ്റ 400 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നും ഒഡീഷ അഗ്നിശമന വിഭാഗം ഡയറക്ടർ ജനറൽ സുധാംശു സാരംഗി അറിയിച്ചു. ഒഡീഷയിൽ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ട്രെയിൻ അപകടം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയിൽവേ മന്ത്രി രാവിലെ സംഭവസ്ഥലത്ത് എത്തും. മരിച്ചവരുടെ കുടുംബത്തിന് റെയിൽവേ 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപയും നൽകും. 

കൂടുതൽ വായനയ്ക്ക്...

∙ ഒഡീഷ ട്രെയിൻ അപകടം: രക്ഷപ്പെട്ടവരിൽ 4 തൃശൂർ സ്വദേശികൾ

∙ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം; ഗുരുതര പരുക്കുള്ളവർക്ക് 2 ലക്ഷം, മറ്റുള്ളവർക്ക് 50,000

∙ ഒഡീഷ ട്രെയിൻ അപകടം: രക്ഷാപ്രവർത്തനം തുടരുന്നെന്ന് പ്രധാനമന്ത്രി, ഞെട്ടിക്കുന്ന അപകടമെന്ന് മമത

∙ ആദ്യ അപകടത്തിന്റെ ഞെട്ടൽ മാറും മുൻപേ തൊട്ടടുത്ത ട്രാക്കിൽ വീണ്ടും അപകടം; ബാലസോറിൽ സംഭവിച്ചത്

ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. ബെംഗളൂരുവിൽനിന്ന് കൊൽക്കത്തയിലേക്കു പോകുകയായിരുന്നു ഗുഡ്സ് ട്രെയിൻ. അപകടത്തിൽ പാളം തെറ്റിയ ട്രെയിനിന്റെ എട്ടു ബോഗികൾ മറിഞ്ഞു. ഇതുവരെ അൻപതോളം ആംബുലൻസുകൾ സ്ഥലത്ത് എത്തിച്ചെങ്കിലും അതു തികയില്ലെന്നാണ് ചീഫ് സെക്രട്ടറി നൽകുന്ന വിവരം. ഈ സാഹചര്യത്തിൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് അയയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു.

രക്ഷാപ്രവർത്തനം രാത്രി വൈകിയും പുരോഗമിക്കുകയാണ്. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകാനായി മന്ത്രി പ്രമീള മല്ലിക്കിനെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ചുമതലപ്പെടുത്തി. ബാലസോർ ജില്ലാ കലക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പ്രത്യേക സംഘത്തെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി ഒഡീഷയിലേക്ക് അയച്ചു. ഇതിനു പുറമേ രക്ഷാപ്രവർത്തനത്തിനായി അഞ്ച് പ്രത്യേക സംഘങ്ങളെയും അയച്ചതായി മമത ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകിട്ട് 3.30ന് ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 6.30നാണ് ട്രെയിൻ ബാലസോർ സ്റ്റേഷനിലെത്തിയത്. പിന്നീട് 7.20ഓടെ ബഹനാഗ സ്റ്റേഷനു സമീപത്തുവച്ചാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 4.50ന് ചെന്നൈ റെയിൽവേ സ്റ്റേഷനിലേത്തേണ്ട ട്രെയിനാണിത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ശനിയാഴ്ച നടത്താനിരുന്ന ഗോവ – മുംബൈ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവും അപകടത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.

വിവിധ റെയിൽവേ സ്റ്റേഷനുകളിലെ ഹെൽപ്‌ലൈൻ നമ്പറുകൾ

ഹൗറ – 03326382217
ഖരക്പുർ – 8972073925, 9332392339
ബാലസോർ – 8249591559, 7978418322
ഷാലിമാർ – 9903370746
വിജയവാഡ – 0866 2576924
രാജമുന്ദ്രി – 08832420541
ചെന്നൈ – - 044- 25330952, 044-25330953 & 044-25354771

train-derailment-odisha
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)
train-accident-odisha-3-Copy
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)
train-accident-odisha-2-Copy
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)
train-accident-odisha-1
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ (വിഡിയോയിൽനിന്ന്)
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ (വിഡിയോയിൽനിന്ന്)

English Summary: Coromandel Express derails in Balasore, several passengers injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com