വയനാട്ടിൽനിന്ന് 3 കോടിയുടെ കുരുമുളക് തട്ടിപ്പ്; മുംബൈ സ്വദേശിയെ സാഹസികമായി പിടികൂടി
Mail This Article
വെള്ളമുണ്ട∙ വയനാട്ടിൽ കോടികളുടെ തട്ടിപ്പ് നടത്തി അംഗരക്ഷകരോടൊപ്പം മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്ന തട്ടിപ്പ് വീരനെ അതിസാഹസികമായി പിടികൂടി. 1090 ക്വിന്റൽ കുരുമുളക് കടത്തി മൂന്ന് കോടിയിലധികം രൂപ തട്ടിച്ച മുംബൈ സ്വദേശി മൻസൂർ നൂർ മുഹമ്മദ് ഗാനിയാനി (59) ആണ് വെള്ളമുണ്ട പൊലീസിന്റെ പിടിയിലായത്. 2019 ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു തട്ടിപ്പ്.
കാരാട്ടുകുന്നിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും 1,09,000 കിലോയോളം വരുന്ന കുരുമുളകാണ് ഇയാൾ തട്ടിയെടുത്തത്. പണം ഉടൻ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കുരുമുളക് വാഹനത്തിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ജിഎസ്ടി ഉൾപ്പെടെ മൂന്ന് കോടിയിലധികം രൂപ നൽകാതെ വഞ്ചിച്ചു എന്നാണ് ഇയാൾക്കെതിരെ വെള്ളമുണ്ട സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്.
മുൻപും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി, മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ അംഗരക്ഷകരോടൊപ്പം ഒളിവിൽ താമസിച്ചു വരികയായിരുന്നു. സുരക്ഷയ്ക്കായി പ്രതി ആയുധധാരികളായ അംഗരക്ഷകരെ നിയോഗിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഇയാൾ താമസിക്കുന്ന സ്ഥലത്തെത്തി അതിസാഹസികമായാണ് വെള്ളമുണ്ട പൊലീസ് പ്രതിയെ പിടികൂടിയത്. ഇൻസ്‌പെക്ടർ കെ. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എഎസ്ഐ മൊയ്തു, സീനിയർ സിവിൽ പൊലീസ് ഓഫിസർ അബ്ദുൽ അസീസ്, സിവിൽ പൊലീസ് ഓഫിസർ നിസാർ എന്നിവരുമുണ്ടായിരുന്നു. തുടർ നടപടികൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary: Mumbai native held for Pepper Fraud